ന്യൂഡൽഹി: ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി കശ്മീരിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. കശ്മീരിലെ കുൽഗാം, പുൽവാമ, ബാരാമുള്ള എന്നിവിടങ്ങളിലാണ് തെരച്ചിൽ നടക്കുന്നത്. 20-ലധികം സ്ഥലങ്ങളിൽ എൻഐഎ അന്വേഷണം നടത്തും. ഭീകരരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് അന്വേഷണം നടക്കുന്നത്.
പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്ബ ഭീകരരുമായി ബന്ധമുള്ള സ്ഥലങ്ങളാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. കശ്മീരിനെ കൂടാതെ തമിഴ്നാട്, ഉത്തർപ്രദേശ്, ബിഹാർ, കർണാടക, മഹാരാഷ്‌ട്ര, ഡൽഹി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും റെയ്ഡ് നടന്നു.
തമിഴ്നാട്ടിലെ തൂത്തുക്കുടിയിലും ചെന്നൈയിലെ നിരവധി സ്ഥലങ്ങളിലും എൻഐഎ പരിശോധന നടത്തി. ഭീകരരും പ്രദേശവാസികളും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തമിഴ്നാട്ടിൽ നിന്ന് ലഷ്കർ ഭീകരനെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ശക്തമാക്കിയത്. സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് ലഷ്കർ ഭീകരരുമായി യുവാവ് സ്ഥിരമായി ബന്ധപ്പെട്ടിരുന്നു. ഇത് തെളിയിക്കുന്ന വിവിധ തെളിവുകളും അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ മാസമാണ് കേസ് എൻഐഎ ഏറ്റെടുത്തത്.