കോട്ടയം: യുവാവിന് പൊലീസിന്റെ ക്രൂരമർദ്ദനം. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ വച്ചാണ് യുവാവിന് അതിക്രൂര മർദ്ദനമേൽക്കേണ്ടിവന്നത്. ആറ് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യുവാവിന് മർദ്ദനമേറ്റ സംഭവം വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും ആരോപണം ഉയരുന്നത്.
പാറോലിക്കൽ സ്വദേശിയായ അഭയ് രാജീവിനാണ് മർദ്ദനമേറ്റത്. ഏറ്റുമാനൂർ സ്റ്റേഷനിലെ എസ്എച്ച്ഒ എ എസ് അൻസിലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ യുവാവിനെ മർദ്ദിക്കുകയും ഫോൺ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 20-ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. അപകടകരമായി വാഹനമോടിച്ചതിന് പ്രൈവറ്റ് ബസ് ഡ്രൈവറെ അഭയ് ചോദ്യം ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ ബസ് ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി യുവാവിനെ ലാത്തികാെണ്ട് മർദ്ദിക്കുകയും ജനമൈത്രി മീഡിയേഷൻ സെന്ററിലേക്ക് കൊണ്ടുപോയി ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു.