തിരുവനന്തപുരം : സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ തനിക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മുതിർന്ന് നേതാവ് കെ ഇ ഇസ്മയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
ഒരു ജീവിതകാലം മുഴുവൻപാർട്ടിയിൽ പ്രവർത്തിച്ച താൻ ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ പാടില്ലെന്നു നേതൃത്വത്തിന്റെ വിലക്കുണ്ടെന്നും അതിൽ ദുഃഖമുണ്ട് അത്രമേൽ വേദനയുണ്ട് എന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു. പ്രാഥമിക മെമ്പറായ എന്നിൽ എന്ത് കുറ്റമാണ് നേതൃത്വം കണ്ടുപിടിച്ചത് എന്ന് ഇസ്മയിൽ ചോദിക്കുന്നു. ഇപ്പോൾ താൻ ഒന്നും പറയുന്നില്ലെന്നും തനിക്ക് പറയാനുള്ളത് പിന്നീട് താൻ പറയും എന്നും ഇസ്മായിലിന്റെ ഫേസ്ബുക്ക് പോസ്റ്റീൽ പറയുന്നു
പോസ്റ്റിന്റെ പൂർണ്ണ രൂപം
പാർട്ടിയുടെ സംസ്ഥാന സമ്മേളനം 10,11,12 തീയതികളിൽ ആലപ്പുഴ വെച്ച് നടക്കുന്നു. പാർട്ടിയിൽ ഞാൻ ഒരു ജീവിതകാലം മുഴുവൻ പ്രവർത്തിച്ചു. ഈ സമ്മേളനത്തിൽ ഞാൻ പങ്കെടുക്കാൻ പാടില്ലത്രേ? നേതൃത്വത്തിന്റെ വിലക്ക്. ദുഃഖമുണ്ട്. അത്രമേൽ വേദന..
അച്യുതമേനോനും, എം. എനും, S. കുമാരനും, N E ബാലറാമും, P K V യും വെളിയവും നേതൃത്വമായി പ്രവർത്തിച്ച കാലത്ത് അവരോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച ഒരെളിയ പ്രവർത്തകനാണ് ഞാൻ. അവരുടെയൊക്കെ കാലത്തു എന്നെ ഏല്പിച്ച ചുമതലകൾ സ്തുത്യർഹമായി നിർവഹിച്ച അനുഭവം എന്റെ ഓർമയിൽ നിറഞ്ഞുനിൽക്കുന്നു.
പ്രായത്തിന്റെ പേരിലാണ് 2022 ഹൈദ്രബാദ് പാർട്ടി കോൺഗ്രസിൽ 75 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കുന്നത്. അങ്ങിനെ 2022 മുതൽ ഒരു പ്രാഥമിക മെമ്പറാണ് ഞാൻ.പ്രാഥമിക മെമ്പറായ എന്നിൽ എന്ത് കുറ്റമാണ് നേതൃത്വം കണ്ടുപിടിച്ചത് . ഇപ്പോൾ ഞാൻ ഒന്നും പറയുന്നില്ല.
എനിക്ക് പറയാനുള്ളത് പിന്നീട് ഞാൻ പറയും.സമ്മേളനം ഭംഗിയായി നടക്കട്ടെ, ഗംഭീര വിജയമാകട്ടെ, എല്ലാ ആശംസകളും നേരുന്നു..
ഞാൻ ഒരു കമ്മ്യൂണിസ്റ് ആയിരിക്കും. അത് ജീവിതവസാനം വരെയും.















