വാഷിംഗ്ടൺ: ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുട്ടുമടക്കി. ഇന്ത്യയുമായി വ്യാപാര ചർച്ചകൾക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. താരിഫ് യുദ്ധത്തിനിടെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്.
വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും ചർച്ചകൾ പുനരാരംഭിക്കുമെന്നും ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. ” എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ രണ്ട് മഹത്തായ രാജ്യങ്ങൾക്കും അനുകൂല തീരുമാനങ്ങൾ എടുക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്!” തന്റെ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം പിഴ തീരുവ ചുമത്തിയതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ട്രംപ് സമീപനം മയപ്പെടുത്തിയത്.
ട്രംപിന്റെ പ്രസ്താവനയെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. അമേരിക്ക ഇന്ത്യയുടെ ‘അടുത്ത സുഹൃത്ത്’ ആണെന്നും ‘സ്വാഭാവിക പങ്കാളി’ ആണെന്നും മോദി പറഞ്ഞു. വികാരങ്ങളെയും നമ്മുടെ ബന്ധത്തെക്കുറിച്ചുള്ള പോസിറ്റീവ് വ്യാഖ്യാനത്തെയും ഞാൻ ആഴത്തിൽ അഭിനന്ദിക്കുകയും പൂർണ്ണമായും അംഗീകരിക്കുകയും ചെയ്യുന്നു. ഇന്ത്യയ്‌ക്കും യുഎസിനും സമഗ്രവും ആഗോളവുമായ തന്ത്രപരമായ പങ്കാളിത്തമുണ്ട്, ട്രംപിന്റെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു.















