ന്യൂഡൽഹി: നടി ഐശ്വര്യറായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഡൽഹി ഹൈക്കോടതി. ഒരാളുടെ സ്വകാര്യതയെ മാനിക്കണമെന്നും ജീവിക്കാനുള്ള അവരുടെ അവകാശത്തെ ദുർബലപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് വിവിധ സ്ഥാപനങ്ങളെയും കോടതി വിലക്കിയിട്ടുണ്ട്.
നടിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അവകാശം ലംഘിക്കപ്പെടുന്നതായി കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളിൽ കോടതിക്ക് കണ്ണടയ്‌ക്കാനാകില്ലെന്ന് ജസ്റ്റിസ് തേജസ് കരിയ ചൂണ്ടിക്കാട്ടി. ഐശ്വര്യയുടെ ഹർജിയിൽ പരാമർശിച്ചിട്ടുള്ള ലിങ്കുകൾ അടുത്ത 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നും ഗൂഗിൾ എൽഎൽസിക്ക് നിർദേശം നൽകി.
നിരവധി വെബ്സൈറ്റുകളിലൂടെ ഉത്പന്നങ്ങൾ വിൽക്കുന്നതിന് തന്റെ പേരും ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐശ്വര്യ റായ് കോടതിയെ സമീപിച്ചത്. തന്റെ പേരും ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ഐശ്വര്യ റായ് ഹർജിയിൽ ആരോപിച്ചു.
തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ചതായും നടി ഹർജിയിൽ പറഞ്ഞു. ഡീപ്ഫേക്ക് സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് അശ്ലീല വീഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുന്നത്. ഇത്തരം വീഡിയോകൾ നടിയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു.















