ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത്, തോക്കുകളുമായി അറസ്റ്റിലായ റിജാസ് എം സിദീഖിന്റെ മോചനം ആവശ്യപ്പെട്ട് കൊച്ചിയിൽ നാളെ ഇടത്-ജിഹാദി ഗ്രൂപ്പുകളുടെ പ്രതിഷേധം. മെയ് 8 ന് നാഗ്പൂരിൽ വച്ചാണ് റിജാസിനെ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. യുഎപിഎ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തന്നെ പിഒകെയിലെ ഭീകരനുമായി റിജാസ് നടത്തിയ സോഷ്യൽ മീഡിയ ചാറ്റിന്റെ ഭാഗവും പുറത്തുവന്നിരുന്നു.
രാജ്യവിരുദ്ധ കേസിൽ അറസ്റ്റിലായ റിജാസിനായി വഞ്ചി സ്ക്വയറിൽ നടക്കുന്ന ഐക്യദാർഢ്യ സംഗമത്തിൽ സിദ്ദീഖ് കാപ്പൻ, മുൻ എംപി സെബാസ്റ്റ്യൻ പോൾ എന്നിവരാണ് പ്രധാനികൾ. സഖാവ് റിജാസ് ഐക്യദാർഢ്യ സംഗമം എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മക്തൂബ് മീഡിയ എന്ന പ്രപ്പഗാണ്ട ഓൺലൈൻ പോർട്ടലിലെ മാദ്ധ്യമ പ്രവർത്തകനാണ് ഇയാൾ. റിജാസിനെതിരെ മഹാരാഷ്‌ട്ര പൊലീസ് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അതീവ ഗുരുതരമായ വിവരങ്ങളാണുള്ളത്. നിരോധിത ഭീകര സംഘടനകളായ ഹിസ്ബുൾ മുജാഹിദീൻ, ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) എന്നിവരുമായി റിജാസിന്റെ ബന്ധം ഇതിൽ പരാമർശിച്ചിട്ടുണ്ട്.
മെയ് 11 ന് എറണാകുളത്തെ ഇയാളുടെ വസതിയിൽ മഹാരാഷ്‌ട്ര പൊലീസ് റെയ്ഡ് നടന്നിരുന്നു. റിജാസിന്റെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും നിരോധിത സംഘടനകളുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ലഭിച്ചിരുന്നു. റിജാസിന്റെ മൊബൈൽ ഫോണിൽ നിന്നും ഹിസ്ബുൾ മുജാഹിദീൻ, ജെകെഎൽഎഫ് എന്നിവയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചാറ്റുകൾ കണ്ടെടുത്തതായി മഹാരാഷ്‌ട്ര പൊലീസ് വ്യക്തമാക്കിയിരുന്നു. ‘എൻഡ് ഓഫ് ദി വാർ ഓൺ പീപ്പിൾ’, ‘ആർമിബർഗോ’ തുടങ്ങിയ എൻക്രിപ്റ്റ് ചെയ്ത ചാറ്റ് ഗ്രൂപ്പുകളിലും സജീവമായിരുന്നു,
റിജാസിന് സിപിഐ (മാവോയിസ്റ്റ്) അംഗങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും എടിഎസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. സിപിഐ (മാവോയിസ്റ്റ്) നേതാവ് മുരളി കണ്ണമ്പിള്ളി നിയന്ത്രിക്കുന്ന ഒരു സിഗ്നൽ ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.















