ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നവീൻചന്ദ്രയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. മൗറീഷ്യസ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തിൽ സജ്ജീകരിച്ചിരുന്നത്. പ്രത്യേക സുരക്ഷാസൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു.
രാവിലെ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലും മൗറീഷ്യസ് പ്രധാനമന്ത്രി ദർശനം നടത്തി. ഭാരതത്തിലേക്ക് വരാനും കാശിവിശ്വനാഥക്ഷേത്രത്തിൽ ദർശനം നടത്താൻ സാധിച്ചതിലും അതിയായ സന്തോഷമുണ്ടെന്ന് മൗറീഷ്യസ് പ്രതിനിധി സംഘം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ പ്രതിനിധി സംഘം ഭാരതത്തിലെ ജനങ്ങൾക്കായി കേന്ദ്രസർക്കാർ ചെയ്യുന്നത് മികച്ച കാര്യങ്ങളാണെന്നും അറിയിച്ചു.
സെപ്റ്റംബർ 16 വരെ മൗറീഷ്യസ് പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടായിരിക്കും. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ഭാരതസന്ദർശനം. കഴിഞ്ഞദിവസം വാരണാസിയിലെ ഘട്ടുകളിൽ അദ്ദേഹം ആരതി നടത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തമാക്കുന്നതിനുള്ള വിവിധ വശങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.















