മനാമ: സയൻസ് ഇന്റർനാഷനൽ ഫോറം (എസ്.ഐ.എഫ്) ബഹ്‌റൈൻ കഴിഞ്ഞ 12 വർഷമായി ബഹ്‌റൈനിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ശാസ്ത്രപ്രതിഭ പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. നവംബർ എട്ടിന് ഒന്നാം ഘട്ട പരീക്ഷ ആരംഭിക്കും. നവംബർ അവസാന വാരം രണ്ടാം ഘട്ടവും ഡിസംബർ ആദ്യവാരം മൂന്നാം ഘട്ടവും നടക്കും.
6, 7, 8 ക്ലാസുകളിലെ വിദ്യാർത്ഥികൾ ജൂനിയർ വിഭാഗത്തിലും 9, 10, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾ സീനിയർ വിഭാഗത്തിലും മത്സരിക്കും. ബഹ്‌റൈനിലെ എല്ലാ സി.ബി.എസ്.ഇ സ്കൂളുകളിലെയും ഓരോ ഗ്രേഡിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന രണ്ട് വിദ്യാർത്ഥികൾക്ക് ‘ശാസ്ത്രപ്രതിഭ’ അവാർഡ് നൽകി ആദരിക്കും.
ഈ വർഷം മുതൽ ശാസ്ത്രപ്രതിഭ പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥി വിജ്ഞാൻ മന്തൻ എന്ന ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര പരീക്ഷയിൽ ഇന്ത്യയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
വിജയികൾക്ക് ഐ.എസ്.ആർ.ഒ, ഭാഭാ അറ്റമിക് റിസർച് സെന്റർ, ഡി.ആർ.ഡി.ഒ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ സന്ദർശിക്കാൻ ശാസ്ത്രയാൻ സംഘത്തിൽ ചേരാനും അവസരമുണ്ട്. ശാസ്ത്രപ്രതിഭകൾക്ക് ഉപരിപഠന കാലത്ത് ഈ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ് നേടാനുള്ള സൗകര്യവും ലഭിക്കും.പരീക്ഷയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളുകൾ വഴി മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ.
സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ നടന്ന പത്രസമ്മേളനത്തിൽ എസ്.ഐ.എഫ് ബഹ്‌റൈൻ പ്രസിഡന്റ് കെ.എസ്. അനിലാലാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്. എസ്.ഐ.എഫ് ചെയർമാൻ ഡോ. വിനോദ് മണിക്കര, വൈസ് പ്രസിഡന്റുമാരായ കെ. സജീവൻ, ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ്, ജോയിന്റ് സെക്രട്ടറി കെ.ടി. രമേശ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുകേഷ്, പ്രവീൺ ബി, ദീപ സജീവൻ എന്നിവർക്കൊപ്പം നിരവധി മാധ്യമ പ്രവർത്തകരും പങ്കെടുത്തു. എസ്.ഐ.എഫ് ഉപദേശക സമിതി ചെയർമാൻ ഡോ. രവി വാര്യർ പരീക്ഷയ്‌ക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചന്ദ്രശേഖരൻ നന്ദി പ്രകാശിപ്പിച്ചു.













