തൃശൂർ: സിപിഎം നേതാക്കന്മാർക്കെതിരെയുള്ള ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിൽ പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സിപിഎം നേതാക്കൾ അധോലോക മാഫിയ സംഘമാണെന്ന് ആ പാർട്ടിക്കുള്ളിലെ ആളുകൾ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും സിപിഎമ്മിലെ പ്രമുഖരായ നേതാക്കന്മാർക്കെതിരായാണ് ഡിവൈഎഫ്ഐ നേതാവ് ആരോപണങ്ങൾ ഉയർത്തുന്നതെന്നും എം ടി രമേശ് പറഞ്ഞു. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടിക്കണക്കിന് രൂപയുടെ അഴിമതിക്ക് നേതൃത്വം കൊടുക്കുന്നവരാണ് സംസ്ഥാനത്തെ സിപിഎം നേതാക്കൾ. എ സി മൊയ്ദീനും എം കെ കണ്ണനും ഉൾപ്പെടെയുള്ള ഈ ജില്ലയിലെ സിപിഎം നേതാക്കൾ എന്നാണ് ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറി മറ്റൊരാളോട് പറയുന്ന സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഇത് ഗുരുതരമായ പ്രശ്നമാണ്. ഈ ജില്ലയിലെ നേതാക്കന്മാർക്കെതിരെ നേരത്തെ തന്നെ ഇത്തരം ആരോപണങ്ങൾ ഉയർന്നുവന്നിട്ടുള്ളതാണ്. ഇതിനെ കുറിച്ച് അന്വേഷണ ഏജൻസി സ്ഥിരീകരിച്ചിട്ടുമുണ്ട്. കരുവന്നൂർ ബാങ്കിന്റെ കാര്യത്തിൽ എസി മൊയ്ദീനെതിരെയുള്ള ആരോപണം അന്വേഷണ ഏജൻസിയുടെ മുന്നിലാണ്.
സിപിഎം നേതാക്കന്മാർക്കെതിരെ ബിജെപി നേരത്തെ ഉന്നയിച്ചിട്ടുള്ള ആരോപണം വസ്തുതാപരമായി ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന വാർത്തകൾ. സഹകരണ ബാങ്കുകളിലൂടെയും അല്ലാതെയും സാധാരണക്കാരുടെ പണം ഈ നേതാക്കന്മാർ കൊള്ളയടിക്കുകയാണ്. വലിയ മുതലാളിമാരുമായുള്ള ഇടപാടിലൂടെ കോടിക്കണക്കിന് രൂപയാണ് ഇവർക്ക് കിട്ടുന്നത്. ഇവരെല്ലാവരും ഡീലർമാരാണെന്നാണ് ഡിവൈഎഫ് ഐ നേതാക്കൾ പറഞ്ഞിട്ടുള്ളത്. ഇതിനെ കുറിച്ച് വിശദമായ അന്വേഷണം നടക്കണം.
ഈ ജില്ലയിലെ സിപിഎം നേതാക്കന്മാരുടെ സ്വത്തുവിവരങ്ങളെ കുറിച്ച് അന്വേഷിക്കണം. അവരുടെ ബാങ്ക് ഇടപാടുകളെ കുറിച്ചും അന്വേഷിക്കണം. സിപിഎം ബാങ്കുകളെ മറയാക്കികൊണ്ട് നേതാക്കൾ നടത്തുന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയിലും ക്രമക്കേടിലും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണം. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് ഈ ക്രമക്കേടുകളെല്ലാം നടക്കുന്നത്. ഇത് സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം ഉണ്ടാകണം. സിപിഎം പാർട്ടി അഴിമതിയുടെ ചെളിക്കുണ്ടിൽ ആഴ്ന്നിരിക്കുകയാണ്. സിപിഎമ്മിനെ ഇത്തരത്തിലുള്ള വഴിവിട്ട ബന്ധത്തിന് പ്രേരിപ്പിക്കുന്ന ആളുകൾ ആരൊക്കെയെന്ന് കണ്ടെത്തണമെന്നും എം ടി രമേശ് പറഞ്ഞു.















