ന്യൂഡൽഹി: നേപ്പാളിലെ പ്രക്ഷോഭത്തിന് പിന്നാലെ ഇടക്കാല സർക്കാർ അധികാരമേറ്റു. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി പ്രധാനമന്ത്രിയായി ചുമതലയേൽക്കും. സത്യപ്രതിജ്ഞ ഉടനുണ്ടാകുമെന്നാണ് വിവരം. രാഷ്‌ട്രപതിയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്.
ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്. പുതിയ സർക്കാർ അധികാരമേൽക്കുന്ന സാഹചര്യത്തിൽ പാർലമെന്റ് പിരിച്ചുവിടും. രാഷ്‌ട്രീയ കലാപങ്ങൾ കാരണം അനിശ്ചിതാവസ്ഥയിലായ രാജ്യത്ത്, സുശീല കർക്കി അധികാരമേൽക്കുന്നതോടെ സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
സൈന്യവും ജനറൽ ഇസഡ് പ്രതിനിധി സംഘവും തമ്മിലുള്ള യോഗത്തിൽ സുശീല കർക്കി പങ്കെടുത്തിരുന്നു. കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷായുടെ പിന്തുണയും അവർക്കുണ്ടായിരുന്നു. നേപ്പാളിനെ ഇളക്കിമറിച്ച ജെൻ സി പ്രക്ഷോഭത്തിൽ പങ്കെടുത്ത വ്യക്തിയാണ് സുശീല കർക്കി.
സോഷ്യൽമീഡിയ നിരോധനത്തിന് പിന്നാലെയാണ് നേപ്പാളിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. യുവാക്കളുടെ പ്രതിഷേധം കനത്തതോടെ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലിയും മറ്റ് മന്ത്രിമാരും രാജിവയ്‌ക്കുകയായിരുന്നു. ഇന്ത്യൻ പൗരന്മാരുൾപ്പെടെ 51 പേരാണ് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്.















