കേന്ദ്രസർക്കാർ ജിഎസിടി നിരക്ക് പരിഷ്കരിച്ചതിന് പിന്നാലെ സെപ്തംബർ 22 മുതൽ ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവുമായി ജനപ്രിയ ബ്രാൻഡുകൾ. ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് അടക്കം നിരവധി കമ്പനികൾ പുതുക്കിയ വിലനിലവാര പട്ടിക പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ വിപണിയിലുള്ള ഉൽപ്പന്നങ്ങളും സെപ്തംബർ 22 മുതൽ കുറഞ്ഞ വിലയിൽ ലഭിക്കും. വിറ്റഴിക്കാത്ത സ്റ്റോക്കുകളുടെ എംആർപിക്ക് മുകളിൽ പുതിയ സ്റ്റിക്കർ പതിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ യഥാർത്ഥ വില ദൃശ്യമാകുന്ന വിധത്തിലാകണം പുതിയ സ്റ്റിക്കർ എന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (എച്ച്‌യുഎൽ) കിസാൻ ജാം, ഹോർലിക്സ്, ലക്സ് സോപ്പ്, ഡവ് ഷാംപൂ എന്നിവയുൾപ്പെടെയുള്ളവയുടെ വിലയാണ് കുറഞ്ഞത്. 340 മില്ലിയുടെ ഡവ് ഷാംപൂ വില 490 രൂപയിൽ നിന്ന് 435 രൂപയായി കുറയും. 75 ഗ്രാമിന്റെ നാല് ലൈഫ്‌ബോയ് സോപ്പുകളുടെ വില 68 രൂപയിൽ നിന്ന് 60 രൂപയായി. ഇതിനുപുറമെ, 200 ഗ്രാം ഹോർലിക്‌സ് ജാറിന്റെ വില 130 രൂപയിൽ നിന്ന് 110 രൂപയായും 200 ഗ്രാം കിസാൻ ജാമിന്റെ വില 90 രൂപയിൽ നിന്ന് 80 രൂപയായും കുറച്ചു.

പാൽ, പനീർ, പിസ്സ ബ്രെഡ്, റൊട്ടി, പറാത്ത എന്നിവയെ ജിഎസ്ടിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. വെണ്ണ, നെയ്യ്, ചീസ്, കണ്ടൻസ്ഡ് മിൽക്ക്, ജാം, സോസുകൾ, സൂപ്പുകൾ, പാസ്ത, മധുരപലഹാരങ്ങൾ എന്നിവയുടെ നികുതി ഇപ്പോൾ 12-18% ൽ നിന്ന് വെറും 5% ആയി കുറച്ചു. ബദാം, കശുവണ്ടി, പിസ്ത, ഈന്തപ്പഴം, അത്തിപ്പഴം, സിട്രസ് പഴങ്ങൾ തുടങ്ങിയ ഉണങ്ങിയ പഴങ്ങളുടെയും നികുതി 5% ആയി കുറച്ചിട്ടുണ്ട്.
ജിഎസ്ടി ഇളവ് ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറണമെന്ന സർക്കാർ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രാൻഡുകൾ ഉൽപ്പന്നങ്ങൾക്ക് വിലക്കുറച്ചിരിക്കുന്നത്. സെപ്റ്റംബർ 3 ന്, കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന 56-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ, ഷാംപൂ, ഹെയർ ഓയിൽ തുടങ്ങി ദൈനംദിന ഉൽപ്പന്നങ്ങൾ മുതൽ ഓട്ടോമൊബൈലുകൾ, ടെലിവിഷനുകൾ വരെയുള്ള നിരവധി ഇനങ്ങളുടെ നിരക്കുകളാണ് കുറച്ചത്.















