തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിന് മുന്നോടിയായുള്ള ലേണേഴ്സ് ഓൺലൈൻ ടെസ്റ്റിന് അടിമുടിമാറ്റം. ലേണേഴ്സ് ടെസ്റ്റിന് ഇനി 30 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഇതിൽ 18 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയാൽ മാത്രമേ ടെസ്റ്റ് പാസാവുകയുള്ളു. ഓരോ ചോദ്യത്തിനും 30 സെക്കൻഡിനുള്ളിൽ ഉത്തരം നൽകണം.
നിലവിൽ 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ 12 ചോദ്യങ്ങൾക്ക് മാത്രം ശരിയുത്തരം നൽകിയാൽ മതി. 15 സെക്കൻഡായിരുന്നു സമയപരിധി. ഇതാണ് 30 സെക്കൻഡ് ആക്കിയിരിക്കുന്നത്.
ഡ്രൈവിംഗ് സ്‌കൂള്‍ മുഖേനയാണ് ലേണേഴ്‌സ് ടെസ്റ്റിനുള്ള ചോദ്യോത്തരങ്ങള്‍ അടങ്ങിയ പുസ്തകം നല്‍കുന്നത്. പുതിയ നിയമപ്രകാരം എംവിഡി ലീഡ്സ് മൊബൈൽ ആപ്പിൽ സിലബസ് ഉണ്ടാകും. പരിശീലന പരീക്ഷ എഴുതാനുള്ള സൗകര്യവും ആപ്പിലുണ്ടായിരിക്കും. ആപ്പിലെ മോക്ക് ടെസ്റ്റുകൾ വിജയിക്കുന്നവർക്ക് റോഡ് സുരക്ഷാസർട്ടിഫിക്കറ്റും ഗതാഗതവകുപ്പ് അനുവദിക്കും.
ആപ്പ് ഡൗൺലോഡ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ കൺസഷൻ ലഭിക്കുന്ന സൗകര്യവും ഏർപ്പെടുത്തും. ഡൈവിംഗ് പരിശീലിപ്പിക്കുന്നയാളുകൾ, ലൈസൻസ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ എന്നിവരും നിർബന്ധമായും പരീക്ഷ എഴുതി പാസാകേണ്ടതുണ്ട്.















