ഇംഫാൽ: മണിപ്പൂരിനെ സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിലേക്ക് കൊണ്ടുപോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുമിച്ച് മുന്നോട്ട് പോകുന്നതിനും സമഗ്രമായ വികസനത്തിനും പരസ്പര ബഹുമാനവും സമാധാനവും അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇംഫാലിൽ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മണിപ്പൂരിന്റെ വളർച്ചയിൽ സർക്കാർ എന്നും ശ്രദ്ധകേന്ദ്രീകരിക്കുന്നു. അക്രമബാധിതമായ സംസ്ഥാനത്തെ ജനജീവിതം തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ട്. വികസനം കൊണ്ടുവരണമെങ്കിൽ സമാധാനം അത്യാവശ്യമാണ്. കഴിഞ്ഞ 11 വർഷത്തിനിടയിൽ വടക്കുകിഴക്കൻ മേഖലയിലെ നിരവധി സംഘർഷങ്ങളും തർക്കങ്ങളും പരിഹരിക്കപ്പെട്ടു. ജനങ്ങൾ സമാധാനത്തിന്റെ പാത തെരഞ്ഞെടുക്കുകയും വികസനത്തിന് മുൻഗണന നൽകുകയും ചെയ്തിട്ടുണ്ട്.
മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് വികസനപദ്ധതികൾ. സമാധാനത്തിന്റെ പാതയിൽ മുന്നോട്ട് പോകാനും എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനും എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഞാൻ നിങ്ങളോടൊപ്പമുണ്ട്. കേന്ദ്ര സർക്കാർ മണിപ്പൂരിലെ ജനങ്ങളോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.















