കഠ്മണ്ഡു: ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീ ശാക്തീകരണത്തിന്റെ ഉദാഹരണമാണ് നേപ്പാളിൽ നടന്നതെന്നും സുശീല കർക്കിയുടെ നേതൃത്വത്തിൽ സമാധാനം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേപ്പാളിലെ യുജനതയ്‌ക്ക് ശോഭനമായ ഭാവി ആശംസിച്ച പ്രധാനമന്ത്രി, നേപ്പാൾ ഭാരതത്തിന്റെ അടുത്ത സുഹൃത്താണെന്നും പറഞ്ഞു. ഇംഫാലിൽ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നേപ്പാൾ ഭാരതത്തിന്റെ അടുത്ത സുഹൃത്താണ്. നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കർക്കിക്ക് ഭാരതത്തിലെ 140 കോടി ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നു. നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സുശീല കർക്കി സത്യപ്രതിജ്ഞ ചെയ്തത് സ്ത്രീശാക്തീകരണത്തിന്റെ മികച്ച ഉദാഹരണമാണ്. സുശീല കർക്കിയുടെ നേതൃത്വം സമാധാനത്തിനും സമൃദ്ധിക്കും വഴിയൊരുക്കുമെന്ന് വിശ്വസിക്കുന്നു. നേപ്പാളിന്റെ ശോഭനമായ ഭാവിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.















