തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെ തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ മുഖ്യമന്ത്രിക്ക് പരാതിയുമായി നടി റിനി ആൻ ജോർജ്. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, ക്രൈം നന്ദകുമാർ എന്നിവർക്കെതിരെയാണ് നടി പരാതി നൽകിയത്. ഓൺലൈൻ ചാനലുകളുടെ ലിങ്കുകൾ ഉൾപ്പെടെ പൊലീസിന് കൈമാറി. എറണാകുളം റൂറൽ എസ്പി മുനമ്പം ഡിവൈഎസ്പി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
രൂക്ഷമായ രീതിയിലുള്ള സൈബറാക്രമണമാണ് നടിക്കെതിരെ ഉണ്ടായത്. താരത്തിന്റെ സുഹൃത്തുക്കളെ ഉൾപ്പെടെ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴച്ച സാഹചര്യത്തിലാണ് റിനി പരാതിയുമായി രംഗത്തെത്തിത്. എംഎൽഎയ്‌ക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ വലിയ തോതിൽ സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു.
സുഹൃത്തുക്കളുടെ സ്വകാര്യതയെ പോലും ഇത്തരം ആക്രമണങ്ങൾ ബാധിച്ചതിനാലാണ് നടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് റിനി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കൊള്ളുന്നവർക്ക് പൊള്ളുന്നുണ്ട് എന്നുള്ളതിനിലാണ് ഇത്തരത്തിൽ സൈബറാക്രമണങ്ങൾ ഉണ്ടാകുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കുടുംബവും സുഹൃത്തുക്കളും പറഞ്ഞതിനിലാണ് പരാതി നൽകിയത്. മറ്റ് പുരുഷസുഹൃത്തുക്കളെ കൂടി ഇതിലേക്ക് വലിച്ചിഴച്ചു. പെയ്ഡ് രീതിയിലാണ് സൈബർ ആക്രമണമുണ്ടാകുന്നത്. ഒന്നും അറിയാത്തവരെ പോലും ഇതിലേക്ക് വലിച്ചിഴയ്‌ക്കുന്നു. അതിനായി ചരടുവലിക്കുന്ന ചില ശക്തികളെ കൂടി നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരണം. അവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും റിനി പറഞ്ഞു.















