ഇംഫാൽ: വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായി മണിപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്കൂൾ വിദ്യാർത്ഥികളുമായി ഏറെ നേരം സംവദിച്ചു. വിദ്യാർത്ഥികൾക്കൊപ്പം ഗാനം ആലപിക്കുകയും സമയം ചെലവിടുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ വീഡിയോ പുറത്തുവന്നു. പ്രധാനമന്ത്രി തന്നെയാണ് സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
ബോളിവുഡ് ചിത്രമായ ’ഗുഞ്ചൻ സക്സേന’യിലെ ‘ഭാരത് കി ബേട്ടി’ എന്ന ഗാനമാണ് പ്രധാനമന്ത്രിയോടൊപ്പം വിദ്യാർത്ഥിനികൾ ആലപിച്ചത്. നാല് വിദ്യാർത്ഥിനികളെ വീഡിയോയിൽ കാണാം. 40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.
വിദ്യാർത്ഥിനികളുടെ ഗാനലാപനം ആസ്വദിച്ച പ്രധാനമന്ത്രി, ഓരോരുത്തരെയും അഭിനന്ദിച്ചു. ‘ചുരാചന്ദ്പൂരിലെ എന്റെ യുവസുഹൃത്തുക്കളോടൊപ്പമുള്ള നിമിഷം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പൂച്ചെണ്ടും പെയിന്റിംഗും സമ്മാനമായി നൽകിയാണ് പ്രധാനമന്ത്രിയെ വിദ്യാർത്ഥികൾ സ്വീകരിച്ചത്. കുട്ടികളിൽ നിന്ന് ലഭിച്ച തൂവലുകൾ പിടിപ്പിച്ച തൊപ്പി പ്രധാനമന്ത്രി അണിഞ്ഞതും ഏറെ ശ്രദ്ധേയമായിരുന്നു.















