എറണാകുളം: കൊച്ചിയിൽ നടന്ന അർബൻ മാവോയിസ്റ്റ് കൂട്ടായ്മയിൽ പങ്കെടുത്ത മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 11 പേർക്കെതിരെ കേസ്. അന്യായമായി സംഘം ചേർന്നതിനും അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ മാവോയിസ്റ്റ് റിജാസിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൊച്ചിയിൽ പരിപാടി സംഘടിപ്പിച്ചത്.
മെയ് എട്ടിന് നാഗ്പൂരിൽ വച്ചാണ് റിജാസിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പരിപാടി. സിദ്ദിഖ് കാപ്പൻ, മുൻ എംപി സെബാസ്റ്റ്യൻ പോൾ എന്നിവരാണ് പരിപാടിയിലെ പ്രധാനികൾ.
യുഎപിഎ പ്രകാരമാണ് റിജാസിനെതിരെ കേസെടുത്തിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തന്നെ പിഒകെയിലെ ഭീകരനുമായി റിജാസ് നടത്തിയ സോഷ്യൽ മീഡിയ ചാറ്റിന്റെ ഭാഗവും പുറത്തുവന്നിരുന്നു. മെയ് 11-ന് എറണാകുളത്തെ ഇയാളുടെ വസതിയിൽ മഹാരാഷ്ട്ര പൊലീസ് റെയ്ഡ് നടന്നിരുന്നു. റിജാസിന്റെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും നിരോധിത സംഘടനകളുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ലഭിച്ചിരുന്നു. മൊബൈൽ ഫോണിൽ നിന്നും ഹിസ്ബുൾ മുജാഹിദീൻ, ജെകെഎൽഎഫ് എന്നിവയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചാറ്റുകളും കണ്ടെടുത്തിരുന്നു.















