ന്യൂഡൽഹി: യുനെസ്കോയുടെ ലോകപൈതൃക കരട് പട്ടികയിൽ ഇടംനേടി വർക്കല ക്ലിഫ്. മഹാരാഷ്‌ട്രയിലെ മഹാബലേശ്വർ ഡെക്കാൻ ട്രാപ്സും ആന്ധ്രാപ്രദേശിലെ തിരുമല കുന്നുകളും ഉൾപ്പെടെ ഏഴ് സ്ഥലങ്ങളാണ് കരട് പട്ടികയിൽ ഇടംനേടിയത്. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകവും പാരമ്പര്യവും അടയാളപ്പെടുത്തുന്നതാണ് യുനെസ്കോയുടെ ഈ നടപടിയെന്ന് ഇന്ത്യൻ പ്രതിനിധി സംഘം അറിയിച്ചു.
മഹാരാഷ്‌ട്രയിലുള്ള പഞ്ചഗണിയിലെയും മഹാബലേശ്വറിലെയും ഡെക്കാൻ ട്രാപ്സുകൾ, കർണാടകയിലെ ഉഡുപ്പി സെന്റ് മേരീസ് ഐലന്റ് ക്ലസ്റ്റർ, മേഘാലയൻ ഗുഹകൾ, നാഗാലാൻഡിലെ നാഗാ ഹിൽ ഒഫിയോലൈറ്റ്, ആന്ധ്രാപ്രദേശിലെ എറ മട്ടി ദിബ്ബാലു, തിരുമല കുന്നുകൾ എന്നിവയും കരട് പട്ടികയിൽ ഇടംനേടി. ഇതോടെ കരട് പട്ടികയിലുള്ള ഇന്ത്യൻ പൈതൃകമേഖലകളുടെ എണ്ണം 69 ആയി.
കഴിഞ്ഞ മാസമാണ് വർക്കല കുന്നുകളെ ലോക പൈതൃകപട്ടികയിലേക്ക് ഉൾപ്പെടുത്താൻ ഇന്ത്യൻ സംഘം യുനെസ്കോയ്‌ക്ക് നിർദേശം നൽകിയത്. ഇംഗ്ലണ്ടിലെ പ്രശസ്ത വൈറ്റ് ക്ലിഫുമായാണ് വർക്കല കുന്നുകളെ താരതമ്യം ചെയ്തത്.















