പത്തനംതിട്ട: യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് പീഡനത്തിനിരയായത്. യുവാക്കളുടെ ജനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിക്കുകയും കെട്ടിത്തൂക്കി മർദ്ദിക്കുകയും ചെയ്തതായാണ് പരാതി. സംഭവത്തിൽ ചരൽക്കുന്ന സ്വദേശികളായ ജയേഷിനെയും ഭാര്യ രശ്മിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവോണ ദിവസമാണ് പത്തനംതിട്ട സ്വദേശിയായ യുവാവ് ക്രൂരപീഡനത്തിനിരയായത്. ജയേഷും യുവാവും സുഹൃത്തുക്കളായിരുന്നു. ഓണത്തിന് സദ്യ കഴിക്കാനാണ് യുവാവിനെ പ്രതികൾ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് കൊടുംക്രൂരതയാണ് യുവാവിന് നേരിടേണ്ടിവന്നത്.
സെപ്റ്റംബർ ഒന്നിനാണ് ആലപ്പുഴ സ്വദേശിയായ യുവാവ് ദമ്പതികളുടെ ക്രൂരമർദ്ദനത്തിനിരയായത്. രശ്മിയുമായി സൗഹൃദത്തിലുള്ള യുവാക്കളെ പ്രണയം നടിച്ച് വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നാലെ വിവസ്ത്രനാക്കി യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന തരത്തിൽ അഭിനയിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി. തുടർന്ന് യുവാവിന്റെ കൈകൾ കെട്ടുകയും കെട്ടിത്തൂക്കി മർദ്ദിക്കുകയും ചെയ്തു.
ദമ്പതികൾ സൈക്കോ മാനസികനിലയിലുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. യുവാക്കളുടെ സ്വകാര്യഭാഗങ്ങളിൽ മർദ്ദിക്കുകയും നഖത്തിനടിയിൽ മൊട്ടുസൂചി കുത്തിയിറക്കി വേദനിപ്പിക്കുകയും ചെയ്തുവെന്ന് യുവാവ് മൊഴിനൽകിയിട്ടുണ്ട്. പണം തട്ടാനുള്ള ശ്രമം മാത്രമല്ലെന്നും ദമ്പതികൾ ആഭിചാരപ്രവർത്തനങ്ങൾ നടത്താറുണ്ടെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.















