ഗുവാഹത്തി : ഞായറാഴ്ച വൈകുന്നേരം 4.41 ന് അസമിലെ ഗുവാഹത്തിയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.ഗുവാഹത്തിയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിലാണ് ഭൂകമ്പം ഉണ്ടായത്. മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, വടക്കൻ ബംഗാൾ, നമ്മുടെ അയൽരാജ്യമായ ഭൂട്ടാൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ഉദൽഗുരി, സോണിത്പൂർ, തമുൽപൂർ, നൽബാരി തുടങ്ങി അസമിലെ നിരവധി ജില്ലകളിലെ താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടു. ഗുവാഹത്തിയിലെ വീടുകളിൽ നിന്ന് പരിഭ്രാന്തരായ ആളുകൾ പുറത്തേക്ക് ഓടി.
അസമിലെ ഉദൽഗുരി ജില്ലയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം, ഭൂകമ്പത്തിന്റെ ആഴം 5 കിലോമീറ്ററാണെന്നും അധികൃതർ പറഞ്ഞു.
ഇതുവരെ ജീവഹാനിയോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.സ്ഥിതിഗതികൾ സർക്കാർ സജീവമായി നിരീക്ഷിച്ചുവരികയാണ് എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
മണിപ്പൂരിന്റെയും അരുണാചൽ പ്രദേശിന്റെയും പടിഞ്ഞാറൻ ഭാഗങ്ങളിലെയും ജനങ്ങൾക്ക് ഭൂചലനം അനുഭവപ്പെട്ടു.അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽ ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും കടകളിൽ നിന്നും പുറത്തേക്ക് ഓടി.















