ആലപ്പുഴ: ട്രെയിൻ മാർഗം കഞ്ചാവ് കടത്ത് നടത്തിയ സംഘത്തെ പിടികൂടി എക്സൈസ്. ചേർത്തലയിൽ വച്ചാണ് ലഹരിക്കടത്ത് സംഘത്തെ എക്സൈസ് പിടികൂടിയത്. 31 കിലോ കഞ്ചാവാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത യുവാവ് ഉൾപ്പെടെ മൂന്ന് ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു.
കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ചെന്നൈ-എഗ്മോർ എക്സ്പ്രസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ട്രെയിൻ ചേർത്തല റെയിൽവേ സ്റ്റേഷനിൽ എത്തിയതോടെ പരിശോധന നടത്തുകയായിരുന്നു.
27 വലിയ പൊതികളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ ഓടിരക്ഷപ്പെട്ടു. ഇവരെ കണ്ടെത്തുന്നതിനുള്ള തെരച്ചിലിലാണ് 17 കാരനെ പിടികൂടിയത്. അഞ്ച് കിലോ കഞ്ചാവാണ് ഇയാളിൽ നിന്നും കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.















