ന്യൂഡൽഹി: ബിഎംഡബ്ല്യു കാറും ബൈക്കും കൂട്ടിയിടിച്ച് കേന്ദ്രധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ മരിച്ചു. ധനമന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി നവ്ജോത് സിംഗാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ഡൽഹി ദൗലയിലെ റിംഗ് റോഡിലായിരുന്നു അപകടം.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവ്ജോത് സിംഗിന്റെ ഭാര്യ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ദുരൂഹത ആരോപിച്ച് മകൻ നവ്നൂർ സിംഗ് രംഗത്തെത്തി. അപകടം നടന്നതിന് സമീപത്തെ ആശുപത്രിയിൽ എത്തിക്കാതെ 17 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിൽ കൊണ്ടുപോയത് എന്തിനെന്നാണ് കുടുംബത്തിന്റെ ചോദ്യം.
അപകടമുണ്ടാക്കിയ ആളുകളുമായി ബന്ധമുള്ള ആശുപത്രിയിലാണ് നവ്ജോത് സിംഗിനെയും ഭാര്യയെയും എത്തിച്ചത്. അടുത്തുള്ള ആശുപത്രിയിലോ എയിംസിലോ എത്തിച്ചിരുന്നെങ്കിൽ തന്റെ പിതാവിനെ രക്ഷിക്കാമായിരുന്നുവെന്ന് നവ്നൂർ സിംഗ് പറഞ്ഞു.
അപകടത്തിൽ കാർ പൂർണമായും തകർന്നു. പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽ കേസെടുത്തിട്ടുണ്ട്.















