ന്യൂഡൽഹി: 14 കോടി അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയാണ് ബിജെപിയെന്ന് ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. രണ്ട് കോടി അംഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പാർട്ടി ഉത്തരവാദിത്തപരമായാണ് മുന്നോട്ടുപോകുന്നതെന്നും നദ്ദ പറഞ്ഞു. വിശാഖപ്പട്ടണത്ത് നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തുടനീളം 240 ലോക്സഭാ അംഗങ്ങളും 1,500 എംഎൽഎമാരും 170-ലധികം എംഎൽസിമാരും ബിജെപിക്കുണ്ട്. 14 കോടി അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയാണ് ഞങ്ങൾ. ഇന്ത്യയിൽ 33 സംസ്ഥാനങ്ങിലും ബിജെപി സർക്കാരുകളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പ്രതിനിധി പാർട്ടിയാണ് ഞങ്ങൾ.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 വർഷത്തിനിടെ ഉത്തരവാദിത്തമുള്ള സർക്കാർ രാജ്യത്തുണ്ടായി. മുൻ സർക്കാരുകളുടെ പ്രവർത്തനങ്ങൾ കുറവായിരുന്നു. അവർ വികസനപ്രവർത്തനങ്ങൾ നടത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളും അവർ മറന്നു. കുടുംബവാഴ്ചയും അഴിമതിയും പ്രീണനവും മാത്രമാണ് ഉണ്ടായിരുന്നത്.
രാജ്യത്താകമാനമുള്ള 14 കോടി പ്രവർത്തകരാണ് പാർട്ടിക്ക് കരുത്തും ഊർജവും പകരുന്നത്. പ്രധാനമന്ത്രിയുടെ നേതൃമികവാണ് നേട്ടത്തിന് പിന്നിലെന്നും ജെപി നദ്ദ പറഞ്ഞു.















