ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകാൻ എത്തുന്നു ഐഎൻഎസ് ആന്ത്രോത്ത്. ആത്മനിർഭര ഭാരതത്തിന് കീഴിൽ തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനി വേധ യുദ്ധക്കപ്പലായ ഐഎൻഎസ് ആന്ത്രോത്ത് നാവികസേനയ്‌ക്ക് കൈമാറി. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സാണ് ഐഎൻഎസ് ആന്ത്രോത്ത് നിർമിച്ചത്.
എട്ട് ആൻ്റി- സബ്മറൈൻ വാർഫെയർ- ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ രണ്ടാമത്തേതാണ്. പ്രതിരോധ നിർമാണരംഗത്തെ സ്വയംപര്യാപ്തയിലേക്കുള്ള മുന്നേറ്റമാണിതന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സാന്നിധ്യം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സമുദ്രപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐഎൻഎസ് ആന്ത്രോത്തിന്റെ വരവ്.
ദ്വീപ് സമൂഹത്തിലെ ആന്ത്രോത്ത് ദ്വീപിൽ നിന്നാണ് ആന്ത്രോത്ത് എന്ന പേര് ഉരുത്തിരിഞ്ഞത്. 77 മീറ്റർ നീളമുള്ള ഈ കപ്പലുകൾ, ഡീസൽ എഞ്ചിൻ-വാട്ടർജെറ്റ് തുടങ്ങിവയുടെ നിയന്ത്രണത്താൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നാവികസേനയിലെ ഏറ്റവും വലിയ യുദ്ധക്കപ്പലാണ്.
കഴിഞ്ഞ 13-നാണ് പുതിയ അന്തർവാഹിനി യുദ്ധക്കപ്പൽ നാവികസേനയ്‌ക്ക് കൈമാറിയത്. നാവികസേനയുടെ തീരദേശ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന് ഈ യുദ്ധക്കപ്പലുകൾ സഹായകമായിരിക്കും.















