ന്യൂഡൽഹി: ചൈന അതിർത്തിക്ക് സമീപം മെഗാ ഡാം പ്രോജക്ട് ആരംഭിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ അരുണാചൽ പ്രദേശിലെ ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ട് വേഗത്തിലാക്കി ഇന്ത്യ. ടിബറ്റൻ പീഠഭൂമിയിലെ അതിർത്തിക്ക് സമീപം യാർലുങ് സാങ്‌പോ നദിയിലാണ് ചൈനയുടെ അണക്കെട്ട് ഉയരുന്നത്. ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ടിനായി കേന്ദ്ര സർക്കാരിന് കീഴിലുള്ള എൻഎച്ച്‌പിസി ലിമിറ്റഡ് പ്രൊജക്റ്റിനായി 17,069 കോടി രൂപയുടെ ആഗോള ടെൻഡർ ക്ഷണിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. .
ടെൻഡർ പ്രകാരം 91 മാസം, അല്ലെങ്കിൽ 2032 ഓടെ ദിബാംഗ് അണക്കെട്ട് പൂർത്തിയാകും. കഴിഞ്ഞ വർഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 2880 മെഗാവാട്ട് ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ടിന് തറക്കല്ലിട്ടത്. 278 മീറ്റർ ഉയരത്തിൽ, 11,223 ദശലക്ഷം യൂണിറ്റ് വാർഷിക വൈദ്യുതി ഉൽപ്പാദനം ലക്ഷ്യമിടുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണിത്.
ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് ടിബറ്റൻ പ്രദേശത്ത് ചൈന നിർമ്മിക്കാൻ തുടങ്ങിയെന്ന റിപ്പോർട്ടുകൾ ജൂലൈയിലാണ് പുറത്തുവന്നത്. പദ്ധതിയുടെ ആഘാതത്തെക്കുറിച്ച് ഇന്ത്യ ആശങ്കയറിച്ചിരുന്നു. അണക്കെട്ട് നിർമ്മാണം പൂർത്തിയായാൽ സിയാങ്, ബ്രഹ്മപുത്ര നദികൾ വറ്റിവരണ്ടേക്കാമെന്നും, അണക്കെട്ടിൽ നിന്ന് പെട്ടെന്ന് വെള്ളം തുറന്നുവിട്ടാൽ വെള്ളപ്പൊക്കമുണ്ടായേക്കാമെന്നും അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ഖണ്ഡു ചൂണ്ടിക്കാട്ടിയിരുന്നു.
ടിബറ്റിൽ യാർലുങ് സാങ്‌പോ എന്ന പേരിലാണ് സിയാങ് നദി ഉത്ഭവിക്കുന്നത്. അരുണാചൽ പ്രദേശിലെ പർവതനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ദിബാങ് നദിയുടെ ഉറവിടമാണിത് . അരുണാചൽ പ്രദേശിൽ ഉയരുന്ന ദിബാങ് അണക്കെട്ട്, ചൈനീസ് പദ്ധതികൾക്കെതിരെ ഇന്ത്യയ്‌ക്ക് പ്രതിരോധമായി പ്രവർത്തിക്കും.















