തിരുവനന്തപുരം: സുപ്രീം കോടതി വിധിയോടെ വഖ്ഫ് നിയമഭേദഗതി ഭരണഘടനാവിരുദ്ധമെന്ന കോണ്‍ഗ്രസ് വാദം തകര്‍ന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു. മുനമ്പം ജനത ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ നേരിടുന്ന വഖ്ഫ് അധിനിവേശ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് വഖ്ഫ് നിയമഭേദഗതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ ഇത് ഭരണഘടനാവിരുദ്ധമാണെന്ന് വരുത്തിതീര്‍ക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇന്‍ഡി മുന്നണിയിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയാണ് സുപ്രീംകോടതിയുടെ നടപടികൾ.
ബിജെപി മുനമ്പം ജനതയ്‌ക്ക് നല്‍കിയ വാക്ക് ഇതോടുകൂടി യാഥാര്‍ത്ഥ്യമാകുകയാണ്. മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നിയമഭേദഗതിയിലെ നടപടികളായ സെക്ഷന്‍ 40 നീക്കം ചെയ്തതും സെക്ഷന്‍ 2 ചേര്‍ത്തതുമായ നടപടികളില്‍ ഒരുതരത്തിലുള്ള ഇടപെടലും സുപ്രീംകോടതി തയ്യാറായിട്ടില്ലെന്നത് ഏറെ ശ്രദ്ധേയമാണ്. കോണ്‍ഗ്രസും മുസ്ലിംലീഗും സിപിഎം ഉള്‍പ്പെടെയുള്ള ഇന്‍ഡി മുന്നണിയിലെ മറ്റു പാര്‍ട്ടികളും കോടതിയില്‍ ആവശ്യപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം വഖ്ഫ് ബോര്‍ഡിലും കൗണ്‍സിലിലും മറ്റു മതവിശ്വാസികള്‍ ഉണ്ടാകാന്‍ പാടില്ല എന്നതായിരുന്നു. എന്നാല്‍ അതിന് വിരുദ്ധമായാണ് സുപ്രീംകോടതി നിലപാട് സ്വീകരിച്ചത്.
അതുകൊണ്ടുതന്നെ സുപ്രീംകോടതി ഉത്തരവ് സ്വാഗതാര്‍ഹമാണ്. വഖ്ഫ് കയ്യേറ്റത്തിന്റെ പേരില്‍ ഭീഷണി നേരിടുന്നവര്‍ക്കും യഥാര്‍ത്ഥ വഖ്ഫ് ഭൂമിക്കും ഒരേപോലെ ഗുണം ചെയ്തതാണ് നിയമഭേദഗതിയും ഇപ്പോഴുണ്ടായ സുപ്രീംകോടതിയുടെ ഇടപെടലും. എന്നാല്‍ മുനമ്പം ജനതയ്‌ക്ക് ഉള്‍പ്പെടെ നീതി ലഭിക്കേണ്ട നിയമഭേദഗതിയെ പ്രീണന വോട്ടുബാങ്ക് രാഷ്‌ട്രീയം കാരണം കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും അന്ധമായി എതിര്‍ക്കുകയാണ്. സുപ്രീംകോടതിയില്‍ നിന്ന് ഇക്കൂട്ടര്‍ക്ക് തിരിച്ചടി കിട്ടിയ പശ്ചാത്തലത്തിലെങ്കിലും മുനമ്പം ജനതയെ പോലെ സ്വന്തം മണ്ണിനായി പോരാടുന്നവര്‍ക്ക് ഒപ്പം നിന്ന് നിയമഭേദഗതിയെ അംഗീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാവണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.















