മലപ്പുറം: മഞ്ചേരിയിൽ ഉംറയ്‌ക്ക് പോകാൻ അറബിയിൽ നിന്ന് പണം വാങ്ങിത്തരാമെന്ന് പറഞ്ഞ് സ്വർണം തട്ടിയ പ്രതി പിടിയിൽ. ഉറുങ്ങാട്ടേരി തച്ചണ്ണ സ്വദേശി അസൈനാറാണ് പിടിയിലായത്. പുത്തൂർപള്ളി സ്വദേശിയായ സ്ത്രീയിൽ നിന്നും മൂന്നമുക്കാൽ പവൻ സ്വർണമാണ് ഇയാൾ തട്ടിയെടുത്തത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ പെട്ട സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. പാവപ്പട്ട കുടുംബങ്ങളിലെ സ്ത്രീകളെ ഉംറയ്ക്ക് പോകാൻ സഹായിക്കുന്ന അറബിയെ പരിചയമുണ്ടെന്ന് പറഞ്ഞാണ് ഇവർ പരാതിക്കാരിയെ സമീപിച്ചത്. മഞ്ചേരി അങ്ങാടിയിലെ ഒരു ഹോട്ടലിൽ അറബിയുണ്ടെന്നും പോയിക്കാണാമെന്നും പറഞ്ഞു. പ്രതി പറഞ്ഞത് പ്രകാരം ഹോട്ടലിൽ അറബിയെ കാണാൻ എത്തിയപ്പോൾ പരാതിക്കാരുടെ ദേഹത്ത് മൂന്നേമുക്കാൽ പവന്റെ സ്വർണാഭരണമുണ്ടായിരുന്നു.
സ്വർണം ധരിച്ചിരിക്കുന്നത് അറബി കണ്ടാൽ സഹായിക്കില്ലെന്ന് പറഞ്ഞ് ആഭരണം ഊരിവാങ്ങുകയായിരുന്നു. സ്വർണം കൈക്കലാക്കിയതിന് പിന്നാലെ അസൈനാർ ഹോട്ടലിൽ നിന്നും മുങ്ങുകയും ചെയ്തു. മഞ്ചേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയാണ് അസൈനാറെന്ന് പൊലീസ് പറഞ്ഞു.















