കണ്ണൂർ: ചെങ്ങളായിൽ ദേവസ്വം ഭൂമിയിൽ നിന്ന് ലക്ഷങ്ങളുടെ വൻ മരങ്ങൾ മുറിച്ചു കടത്തി. ചുഴലി ദേവസ്വത്തിന്റെ കീഴിലുള്ള സ്ഥലത്ത് നിന്നാണ് 15 ലക്ഷത്തോളം വിലവരുന്ന തേക്ക്, ചന്ദനം, ഇരൂൾ തുടങ്ങിയ മരങ്ങൾ മുറിച്ചുകടത്തിയത്.
ചെങ്ങളായി-ചുഴലി റോഡരികിൽ കക്കണ്ണൻ പാറയ്ക്കടുത്താണ് ദേവസ്വം വക 45 ഏക്കറോളം ഭൂമി സ്ഥിതി ചെയ്യുന്നത്. രാത്രിയുടെ മറവിൽ ചില മരങ്ങൾ തീയിട്ട ശേഷമാണ് മുറിച്ചുമാറ്റിയതെന്ന് പ്രദേശവാസികൾ പറയുന്നുയ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാൽ എപ്പോഴാണ് കൊള്ള നടന്നതെന്ന് അറിയില്ലെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്.
ദേവസ്വം ഭൂമി സംരക്ഷിക്കാൻ നടപടികൾ വേണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് മരംകൊള്ള. കഴിഞ്ഞ വർഷം സെപ്തംബറിൽ ദേവസ്വം ഭൂമി കയ്യേറ്റം സംബന്ധിച്ച് പരാതി നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. മരംകൊള്ളയ്ക്ക് പിന്നിൽ ചുഴലി ചാലിൽവയൽ സ്വദേശിയാണെന്ന് കാണിച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.















