തിരുവനന്തപുരം : ഇടതു സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ബിഎംഎസ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലത്തിൽ പദയാത്ര നടത്തും. “ഇടതു സർക്കാരിന്റെ ജനദ്രോഹനങ്ങൾക്കെതിരെ തൊഴിലാളി മുന്നേറ്റം” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് അതിശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുവാൻ ബിഎംഎസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
“ദേശീയതലത്തിൽ അനുഭവപ്പെടുന്നതിന്റെ അഞ്ചു മടങ്ങാണ് കേരളത്തിൽ നിത്യോപയോഗ സാധനങ്ങൾക്ക് അനുഭവപ്പെടുന്ന വിലക്കയറ്റം. ക്ഷേമനിധി – ക്ഷേമപെൻഷനുകൾ കൃത്യമായി വിതരണം ചെയ്യുകയോ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുകയോ ചെയ്യുന്നില്ല. പിഎസ്‌സി പരീക്ഷ പാസായി റാങ്ക് പട്ടികയിൽ ഉള്ളവരെ നോക്കുകുത്തിയാക്കി ഏതാണ്ട് ഒന്നരലക്ഷത്തിലേറെ പേർക്ക് പിൻവാതിൽ വഴി നിയമനം നൽകി. കേന്ദ്രസർക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികൾ എല്ലാം രാഷ്‌ട്രീയ വിരോധം മൂലം സംസ്ഥാനത്ത് അട്ടിമറിക്കുന്നു. കസ്റ്റഡി മരണങ്ങളും ഉരുട്ടലും ഇരുട്ടു മുറികളും അടിയന്തരാവസ്ഥ നാളുകളെ പോലും നാണിപ്പിക്കുന്ന നിലയിൽ കേരളത്തിൽ അരങ്ങു തകർക്കുന്നു സർവ്വ മേഘലകളിലും പൂർണമായും പരാജയപ്പെട്ട മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയിരിക്കുന്നു.” ബിഎംഎസ് ആരോപിക്കുന്നു..
പ്രക്ഷോഭ പരിപാടികളുടെ ഒന്നാം ഘട്ടം എന്ന നിലയിൽ സെപ്റ്റംബർ 17 വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനത്തിൽ മുതൽ ഒക്ടോബർ 14 ബിഎംഎസ് സ്ഥാപകൻ ദത്തോപാന്ത് ഠേംഗ്ഡിജിയുടെ സ്മൃതി ദിനം വരെ പഞ്ചായത്ത് തല പദയാത്രകൾ നടത്തും. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും കോർപ്പറേഷൻ വാർഡുകളിലും രാവിലെ മുതൽ വൈകിട്ട് വരെ നീണ്ടുനിൽക്കുന്ന പദയാത്രകൾ വലിയൊരു ജനസമ്പർക്ക പരിപാടിയായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പിന്നീട് മേഖലാതലത്തിലും ജില്ലാതലത്തിലും പ്രചരണ ജാഥകളും സെക്രട്ടറിയേറ്റിലേക്ക് വമ്പിച്ച തൊഴിലാളിമാർച്ചും സംഘടിപ്പിക്കും.തുടർന്നും സർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ മാറ്റം ഉണ്ടാകുന്നില്ലെങ്കിൽ നിരന്തരമായ പ്രക്ഷോഭങ്ങൾക്ക് ബി എം എസ് നേതൃത്വം നൽകും.ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ വി മധു കുമാർ, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി രാകേഷ്, ജില്ലാ സെക്രട്ടറി ഈ വി ആനന്ദ്, ജില്ലാ ഖജാൻജി ജയൻ ഹരികൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഇത്.















