കൊച്ചി: സേവാഭാരതിക്ക് സ്വന്തം വീടും സ്ഥലവും ദാനം ചെയ്ത് ഓസ്ട്രേലിയൻ പൗരനായ മലയാളി ഡോക്ടർ. ചോറ്റാനിക്കര സ്വദേശിയായ ഡോ. കെ വി കൃഷ്ണനച്ഛനാണ് മഹത് കർമ്മം ചെയ്തത്. ചോറ്റാനിക്കരയിൽ സ്വന്തം പേരിലുള്ള 20.5 സെന്റ് സ്ഥലവും 1200 ചതുരശ്രയടിയുള്ള കോൺക്രീറ്റ് വീടുമാണ് അദ്ദേഹം സേവാഭാരതിക്ക് എഴുതി നൽകിയത്. സേവാഭാരതിയുടെ സേവനപ്രവർത്തനങ്ങൾ അടുത്ത അറിഞ്ഞാണ് അദ്ദേഹം ഇത്തരം ഒരു തീരുമാനമെടുത്തത്.
ഓസ്ട്രേലിയയിൽ താമസിക്കുന്ന അദ്ദേഹം കേരളത്തിൽ എത്തുന്ന അവസരങ്ങളിൽ ചൊവ്വരയിലുള്ള മാതൃഛായ ബാലഭവൻ സന്ദർശിക്കാറുണ്ടായിരുന്നു. കഴിഞ്ഞ മാർച്ചിൽ മാതൃച്ഛായ സന്ദർശിച്ച അവസരത്തിലാണ് വീടും സ്ഥലവും ദാനം ചെയ്യാനുള്ള ആഗ്രഹം സേവാ പ്രവർത്തകരെ അറിയിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കെ വി കൃഷ്ണനച്ഛനിൽ നിന്ന് വീടിന്റെയും ഭൂമിയുടെയും രേഖകൾ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ഉണ്ണികൃഷ്ണൻ ഏറ്റു വാങ്ങി. ഭൂദാന ചടങ്ങിൽ കൊച്ചി മഹാനഗർ സേവാപ്രമുഖ് വിഎം രാജീവ്, സേവാഭാരതി ജില്ലാ, യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു. കൃഷ്ണച്ഛൻ സേവാഭാരതിക്ക് ദാനം ചെയ്ത വീട്ടിലായിരുന്നു ചടങ്ങുകൾ നടന്നത്.















