ന്യൂഡൽഹി: നവ ഭാരതത്തിന്റെ നായകൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ. ‘ ഒരു ദരിദ്രപുത്രൻ ഇന്നിതാ നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നു…. ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി‘… 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നൽകി അനുഗ്രഹിച്ച ഇന്ത്യൻ ജനതയ്‌ക്ക് മുന്നിൽ നമ്രശിരസ്കനായി നരേന്ദ്ര മോദി എന്ന ജനനായകൻ പറഞ്ഞ വാക്കുകളാണിത്. പിന്നീടുള്ള നാളുകളിൽ, ഒരു നിമിഷം പോലും കർമ്മ മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാതെ ഭാരതത്തെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളുമായി അദ്ദേഹം മുന്നോട്ട് പോകുകയാണ്.
രാജ്യം സ്വാതന്ത്ര്യത്തിലേക്ക് പിച്ച വെച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷം, ഗുജറാത്ത് അഹമ്മദബാദിലെ വട്നഗറിൽ 1950 സെപ്റ്റംബർ 17നായിരുന്നു നരേന്ദ്ര ദാമോദർദാസ് മോദിയുടെ ജനനം. ദാമോദർദാസ് മൂൽചന്ദ് മോദിയുടെയും ഹീരാബെൻ മോദിയുടെയും ആറ് മക്കളിൽ മൂന്നാമനായിട്ടായിരുന്നു അദ്ദേഹം. ഏറ്റവും സാധാരണമായ ചുറ്റുപാടുകളിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. പഠനത്തോടൊപ്പം വട്നഗർ റെയിൽവേ സ്റ്റേഷനിലെ ചായക്കടയിൽ അച്ഛനെ സഹായിക്കാനും നരേന്ദ്രർ മുന്നിലുണ്ടാകും.
പഠനകാലത്ത് തന്നെ വിദ്യാലയങ്ങളിൽ സംഘടിപ്പിച്ചിരുന്ന സംവാദങ്ങളോടായിരുന്നു അദ്ദേഹത്തിന് ഏറെ പ്രിയം. 1959 ലെ ദീപാവലി ദിനത്തിലാണ് ആർഎസ്എസ് ശാഖയിലേക്ക് മോദി ആദ്യമായി എത്തിയത്. പതിനേഴാം വയസ്സിൽ രാജ്യത്തിന്റെ ആത്മാവ് തൊട്ടറിയാൻ ഭാരത പര്യടനത്തിന് യാത്ര തിരിച്ചു. ആ തീർത്ഥാടനത്തിന് ശേഷം മടങ്ങിയെത്തിയ മോദി, ആർ എസ് എസ് എന്ന മഹാസാഗരത്തിലേക്ക് ആദരപൂർവ്വം തന്റെ ജീവിതം സമർപ്പിക്കുകയായിരുന്നു.
1987ൽ ബിജെപിയുടെ ഗുജറാത്ത് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത നരേന്ദ്ര മോദി, രാഷ്‌ട്രതന്ത്രജ്ഞതയുടെ ആൾരൂപമായി മാറുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്. 1990ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ എന്താണ് മോദി എന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞു. ആ തിരഞ്ഞെടുപ്പിൽ ബിജെപിയെ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് എത്തിക്കാൻ മോദി എന്ന നേതാവിന് സാധിച്ചു. 1995ലെ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് വീണ്ടും മോദിയുടെ നേതൃപാടവത്തിന്റെ ചൂടറിഞ്ഞു. ആ തിരഞ്ഞെടുപ്പിൽ 121 സീറ്റുകളുമായി ബിജെപി സംസ്ഥാനത്ത് അനിഷേധ്യ രാഷ്‌ട്രീയ ശക്തിയായി ചുവടുറപ്പിച്ചു.
തുടർന്ന് ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല ബിജെപി മോദിയെ ഏൽപ്പിച്ചു. 1998ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ കേന്ദ്രത്തിൽ അധികാരത്തിലെത്തിക്കുന്നതിൽ സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ സുപ്രധാനമായ പങ്കു വഹിക്കാൻ നരേന്ദ്ര മോദിക്ക് സാധിച്ചു. 2001ൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് കേശുഭായ് പട്ടേലിൽ നിന്നും ഗുജറാത്തിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുത്ത നരേന്ദ്ര മോദി എന്ന യാഗാശ്വം ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ ആത്മാവിലേക്ക് അഗ്നിജ്വാലയായി പടർന്നു കയറിയത് പിൽക്കാല ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്.
ആദർശധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ശക്തമായ നേതൃത്വത്തിന്റെയും പ്രതീകമായിരുന്നു നരേന്ദ്ര മോദി എന്ന ഗുജറാത്ത് മുഖ്യമന്ത്രി. ഗുജറാത്ത് മോഡൽ വികസനം എന്ന പ്രയോഗം ലോകശ്രദ്ധയിലേക്ക് എത്തിക്കാൻ മുഖ്യമന്ത്രി എന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു.
ആ അനുഭവസമ്പത്തിലും കർമ്മ കുശലതയിലുമുള്ള വിശ്വാസമാണ് ഇന്ത്യയെ നയിക്കാൻ നരേന്ദ്ര മോദി എന്ന നേതാവിന് സാധിക്കും എന്ന വിശ്വാസം ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ ശക്തിപ്പെടാൻ കാരണം. നരേന്ദ്ര മോദിയെ വാഗ്ദാന പാലനത്തിന്റെ പ്രതിരൂപമായാണ് ഇന്ത്യൻ ജനത അടയാളപ്പെടുത്തുന്നത്. അയോദ്ധ്യയിലെ രാമക്ഷേത്രം, മുത്തലാഖ് നിരോധനം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റൽ, പൗരത്വ നിയമഭേദഗതി നിയമം തുടങ്ങിയ വിപ്ലവകരമായ തീരുമാനങ്ങളിലൂടെ തലയുർത്തി പിടിച്ച് അദ്ദേഹം മുന്നേറുകയാണ്. നരേന്ദ്ര മോദിക്കെതിരെ ക്രിയാത്മകമായ ഒരു ആരോപണം പോലും ഉന്നയിക്കാൻ പതിനൊന്ന് വർഷത്തിനിടെ ഒരു തവണ പോലും പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.















