ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനത്തിന് വഴങ്ങി മാവോയിസ്റ്റ് ഭീകരര്‍ ആയുധം വച്ച് കീഴടങ്ങുന്നു. സായുധ നീക്കം നിര്‍ത്തി വയ്‌ക്കുന്നും സമാധാന ചര്‍ച്ചകൾക്ക് തയ്യാറാണെന്നും കാണിച്ച് ഭീകരരുടെ പ്രസ്താവന പുറത്തുവന്നു. കൊടുംഭീകരരെ വധിച്ചതിന് പിന്നാലെയാണ് കീഴടങ്ങാൻ തയ്യാറെന്ന പ്രസ്താവന മാവോയിസ്റ്റുകൾ ഇറക്കിയത്.
പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി വക്താവായ അഭയിന്റെ പേരിലാണ് രണ്ട് പേജുള്ള പ്രസ്താവന പുറത്തു വന്നിരിക്കുന്നത്. അക്രമം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വരാനുള്ള പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ള .ഉന്നത നേതാക്കളുടെ ആഹ്വാനം പ്രകാരമാണ് ഇത്തരം ഒരു തീരുമാനം എന്ന് കത്തിൽ പറയുന്നു. സമാധാന ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സേന നടപടി ഒരു മാസത്തേക്ക് അവസാനിപ്പിക്കണം എന്നും കത്തിൽ പറയുന്നുണ്ട്.
2026 മാർച്ചോടെ രാജ്യത്ത് നിന്നും കമ്യൂണിസ്റ്റ് ഭീകര തുടച്ചു നീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ നക്സൽ ബാധിത മേഖലകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഓപ്പറേഷനുകൾ ശക്തമാക്കി. ലക്ഷങ്ങൾ തലയ്‌ക്ക് വിലയിട്ടിരുന്നവരും അല്ലാത്തവരുമായ നൂറുകണക്കിന് ഭീകരർ കൊല്ലപ്പെട്ടു. ഇതേ കാലേയളവിൽ 500 ലധികം പേർ ആയുധം ഉപേക്ഷിച്ച് കീഴടങ്ങുകയും ചെയ്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ച പ്രസ്താവനയുടെ ആധികാരികത പരിശോധിച്ചു വരികയാണെന്ന് ഛത്തീസ്ഗഢ് ഉപമുഖ്യവിജയ് ശർമ്മ പറഞ്ഞു. പ്രസ്താവന കേന്ദ്രം പൂർണ്ണമായും വിശ്വാസത്തിൽ എടുക്കാൻ സാധ്യതയില്ല. മാത്രമല്ല മാവോയിസ്റ്റുകളുടെ നിബന്ധനകളും സർക്കാർ അംഗീകരിക്കില്ല. ആയുധം ഉപേക്ഷിച്ച് വന്നാൽ പുനരധിവാസം ഇതാണ് സർക്കാർ മുന്നോട്ട് വയ്‌ക്കുന്ന നയം.















