കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് ബംഗാൾ ഗവർണർ സിവി ആനന്ദബോസ്. പ്രധാനസേവകന് ദീർഘായുസും വിജയാശംസകളും നേർന്നുവെന്ന് ആനന്ദബോസ് എക്സിൽ കുറിച്ചു.
“പരിവർത്തനോന്മുഖവും പ്രചോദനാത്മകവുമായ നേതൃത്വത്തിലൂടെ രാഷ്ട്രത്തിന്റെ അന്തസ് ഉയർത്താനും എല്ലാവർക്കും നീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനും രാജ്യത്തെ ദീർഘകാലം സേവിക്കാൻ ജഗദീശ്വരൻ അദ്ദേഹത്തിന് ആയുസും ആരോഗ്യവുമരുളട്ടെ” എന്ന് സന്ദേശത്തിൽ പറഞ്ഞു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി മാത്രമല്ല നരേന്ദ്രമോദി, ലോകമെമ്പാടുമുള്ള ജനപ്രിയ നേതാക്കളിലൊരാളാണെന്ന് ഗവർണർ പറഞ്ഞു. ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച നേതാവാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹത്തിന്റെ പ്രയത്നങ്ങളിലൂടെ രാജ്യം പുരോഗതി കൈവരിച്ചെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കൂട്ടിച്ചേർത്തു.















