ലക്നൗ: ബോളിവുഡ് നടി ദിഷ പടാനിയുടെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിലെ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗോൾഡി ബ്രാർ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടവരായ റോഹ്തക് സ്വദേശി രവീന്ദ്ര, ഹരിയാന സ്വദേശി സോണിപത് എന്നിവരാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇവരെന്ന് എസ്ടിഎഫ് അറിയിച്ചു. പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.
സെപ്റ്റംബർ 12-ന് പുലർച്ചെയാണ് ദിഷ പടാനിയുടെ വീടിന് നേരെ വെടിവയ്പ്പുണ്ടായത്. സംഭവത്തിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി ബ്രാർ സംഘം രംഗത്തെത്തിയിരുന്നു. അക്രമണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ബറേലി പൊലീസാണ് കേസ് അന്വേഷിച്ചത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഇടപെടലിനെ തുടർന്നാണ് പ്രതികളെ വേഗത്തിൽ അറസ്റ്റ് ചെയ്യാനായത്. കേസ് ഉടനടി പൂർത്തിയാക്കണമെന്നും അന്വേഷണം കാര്യക്ഷമമായി നടക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
നടിയുടെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ, ഇന്റലിജൻസ് വിവരങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. എസ്ടിഎഫും ഡൽഹി ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതോടെ പ്രതികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.















