പട്ന: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നുഴഞ്ഞുകയറ്റക്കാരുടെ വോട്ടിനെ ആശ്രയിച്ചാണ് രാഹുലും കോൺഗ്രസും മുന്നോട്ട് പോകുന്നതെന്നും അമിത് ഷാ വിമർശിച്ചു. ബിഹാറിൽ നടന്ന പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി തെറ്റിദ്ധാരണകൾ പടർത്താൻ ശ്രമിക്കുകയാണ്. രാഹുൽ നടത്തിയ യാത്ര വോട്ട് മോഷണത്തിന് വേണ്ടി ആയിരുന്നില്ല. നല്ല വിദ്യാഭ്യാസം, തൊഴിൽ, വൈദ്യുതി എന്നിവയ്‌ക്ക് വേണ്ടിയുമായിരുന്നില്ല. ബംഗ്ലാദേശിൽ നിന്നുവന്ന നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നതിനായിരുന്നു. അതായിരുന്നു രാഹുലിന്റെ ലക്ഷ്യം.
നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടവകാശമോ സൗജന്യ റേഷനോ വേണോ. നുഴഞ്ഞുകയറ്റക്കാർക്ക് അഞ്ച് ലക്ഷം രൂപ വരെ ജോലി, വീട്, ചികിത്സ എന്നിവ ലഭിക്കണോ. നമ്മുടെ യുവാക്കൾക്ക് ജോലി നൽകുന്നതിന് പകരം നുഴഞ്ഞുകയറ്റക്കാർക്ക് ജോലി നൽകുന്ന പ്രവൃത്തിയാണ് കോൺഗ്രസും രാഹുലും ചെയ്യുന്നത്.
ബിഹാറിന്റെ വളർച്ചയും ഉയർച്ചയും സാധ്യമാക്കുന്നത് എൻഡിഎയുടെ കീഴിലാണ്. രാജ്യത്തിന് വേണ്ടിയാണ് മോദി കഴിഞ്ഞ 24 വർഷമായി പ്രവർത്തിക്കുന്നത്. രാഹുലിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന് വേണ്ടിയാണോയെന്നും അമിത് ഷാ ചോദിച്ചു.















