ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപി മുന്നിൽ. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന എബിവിപി നേതാവ് ആര്യൻ മാനിന് ലീഡ് നില ഉയരുകയാണ്. കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻഎസ് യുഐയ്‌ക്ക് കുറഞ്ഞ ലീഡാണുള്ളത്.
വിദ്യാർത്ഥികൾക്കായി നിരവധി വാഗ്ദാനങ്ങളാണ് എബിവിപി മുന്നോട്ടുവച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഡൽഹി മെട്രോ യാത്രയ്‌ക്ക് ഇളവ് അടക്കമുള്ള വാഗ്ദാനങ്ങൾ എബിവിപി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസം, സുരക്ഷ, ആരോഗ്യം, കായികം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് പ്രകടനപത്രിക മുന്‍ഗണന നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സബ്‌സിഡി നിരക്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ്, ദിവ്യാംഗരായ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍, സൗജന്യ വൈ ഫൈ, പുതിയ ഹോസ്റ്റലുകളുടെ നിര്‍മാണം തുടങ്ങിയവ പ്രധാന വാഗ്ദാനങ്ങളാണ്.
54 ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ പങ്കാളിയായത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റെ സെക്രട്ടറി തുടങ്ങിയ പദവികളിലേക്കാണ് പ്രധാന മത്സരം നടന്നത്. വേട്ടെണ്ണലിനോടനുബന്ധിച്ച് ക്യാമ്പസുകളിൽ കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.















