കാസർകോട് തൃക്കരിപ്പൂരിൽ 17 കാരനെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവർ രണ്ടുവർഷത്തോളം പീഡിപ്പിച്ച സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പിന്നാലെ ഡേറ്റിംഗ് ആപ്പു വഴി നടക്കുന്ന ചൂഷണങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. ആദ്യം ചെറിയൊരു ഹായൽ തുടങ്ങുന്ന സൗഹൃദം പതിയെ ലൈംഗിക വിഷയങ്ങളിലേക്ക് തിരിയും. ഒടുവിൽ നഗ്നവീഡിയോ, ബ്ലാക്ക്‌മെയിൽ, പണം തട്ടൽ എന്നിവയിലാണ് ഇവ അവസാനിക്കുക. 18 വയസ്സിന് താഴെയുള്ളവർ ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും വ്യക്തിഗത വിവരങ്ങൾ നൽകരുതെന്ന് സന്ദേശത്തിൽ പറയുന്നു.
ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ സൗഹൃദങ്ങളുടേയും ബന്ധങ്ങളുടെയും വലിയ പങ്ക് സോഷ്യൽ മീഡിയയും ഡേറ്റിംഗ് ആപ്പുകളും ഏറ്റെടുത്തിരിക്കുകയാണ്. ഒരിക്കൽ നേരിൽ കണ്ടുമുട്ടിയേ സൗഹൃദം തുടങ്ങുമായിരുന്നെങ്കിൽ, ഇന്ന് ഒരു ഹായ് എന്ന സന്ദേശം മതി. പിന്നീട് നിരന്തര ചാറ്റുകൾ, സഹാനുഭൂതിയോടെ പ്രശ്നങ്ങൾ കേൾക്കൽ പഠന, കുടുംബ, ജോലിസമ്മർദ്ദം എന്തായാലും എല്ലാം തന്നെ പരിഹരിക്കുന്ന പോലം പെരുമാറി വിശ്വാസം നേടുകയാണ് പലരും.
എന്നാൽ, ഈ സൗഹൃദം പതിയെ അപകടത്തിലേക്ക് വഴിമാറുന്നു. ആദ്യകാല സൗഹൃദത്തിന്റെ സൗമ്യമായ ശൈലി, കാലക്രമേണ ലൈംഗിക വിഷയങ്ങളിലേക്ക് തിരിയുകയും, അതിന്റെ പേരിൽ യുവാക്കളെയും യുവതികളെയും കുടുക്കുകയും ചെയ്യുന്നു. ചിലപ്പോൾ നഗ്നവീഡിയോ ചോർത്തൽ, ബ്ലാക്ക്‌മെയിൽ, പണം തട്ടൽ എന്നിവയാണ് ഇതിന്റെ ദാരുണഫലം.
ഡേറ്റിംഗ് ആപ്പുകൾ സാധാരണയായി 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ളത്. എന്നാൽ പ്രായം കൂട്ടിക്കാണിച്ച് സ്കൂൾ കുട്ടികളുപോലും ഇതിൽ കുടുങ്ങുന്നുണ്ട്. പ്ലേസ്റ്റോർ വഴിയുള്ള സൗജന്യ ഡൗൺലോഡ്, ഇമെയിൽ, ഫോൺ നമ്പർ എന്നിവ നൽകി അക്കൗണ്ട് തുറക്കുന്നത് വളരെ എളുപ്പമാണ്.
നഗ്നവീഡിയോ ചോർത്തി ഭീഷണിപ്പെടുത്തി പണം തട്ടുക ലഹരി വാഗ്ദാനം ചെയ്യുക , വിവാഹ വാഗ്ദാനം നൽകി ചതിക്കുന്നത് തുടങ്ങി പല രീതികളിലാണ് ചൂഷണം നടക്കുന്നത് പെൺകുട്ടിയെന്ന വ്യാജേന ചാറ്റ് ചെയ്ത് കുടുക്കുകയാണ് കൂടുതലും സംഭവിക്കുന്നത്.
ചില ഡേറ്റിംഗ് ആപ്പുകൾ പണമടച്ചാൽ മാത്രമേ ലഭിക്കാവുന്ന കണ്ടന്റുകളും നൽകുന്നു. ഇവയിൽ സ്ത്രീകളുടെ നഗ്നവീഡിയോകൾ, ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ എന്നിവ പ്രധാനമാണ്. ഇതിലൂടെ നടക്കുന്ന ചൂഷണവും ബ്ലാക്ക്‌മെയിലും ഒരുപാട് യുവാക്കളുടെ ജീവിതവും തകർക്കുന്നു
കാസർകോട്ടെ 17 കാരനെ, ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവർ രണ്ടുവർഷം നീണ്ടുനിന്നു പീഡിപ്പിച്ച സംഭവം, വെഞ്ഞാറമൂട് സ്വദേശിക്ക് പണവും സ്വർണവും നഷ്ടമായ സംഭവം തുടങ്ങി നിരവധി ദുരന്തങ്ങളാണ് അടുത്തിടെ പുറത്തുവന്നത്.
◾18 വയസ്സിന് താഴെയുള്ളവർ ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് വിട്ടുനിൽക്കണം.
◾വ്യക്തിഗത വിവരങ്ങൾ (ഫോൺ നമ്പർ, വിലാസം, സ്വകാര്യ ചിത്രം) അന്യർക്കു നൽകാതിരിക്കുക.
◾സംശയകരമായ ബന്ധങ്ങൾ ഉടൻ അവസാനിപ്പിക്കുക.
◾വഞ്ചന നേരിട്ടാൽ പൊലീസിന്റെ സഹായം തേടുക















