ന്യൂഡൽഹി: സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾക്ക് വിലക്കേർപ്പെടുത്തി താലിബാൻ. സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ സർവകലാശാലകളിൽ പഠിപ്പിക്കേണ്ടെന്ന് താലിബൻ ഭരണകൂടം കർശന നിർദേശം നൽകി. സ്ത്രീകൾ പുസ്തകങ്ങൾ എഴുതുന്നത് ശരിഅത്ത് നിയമത്തിന് വിരുദ്ധമെന്നാണ് താലിബാന്റെ വാദം. മനുഷ്യാവകാശത്തെയും ലൈംഗിക ചൂഷണത്തെയും കുറിച്ച് പഠിക്കുന്നതിനും വിലക്കേർപ്പെടുത്തി.
നിരോധിച്ച പുസ്തകങ്ങളുടെ അന്തിമ പട്ടിക സർവകലാശാല ഉടൻ പുറത്തുവിടും. സ്ത്രീകൾ എഴുതിയ ഒരു പുസ്തകം പോലും പഠിപ്പിക്കാൻ അനുവദിക്കില്ലെന്ന് സർവകലാശാല കമ്മിറ്റിയംഗം അറിയിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തുന്ന നീക്കങ്ങളും നിയമങ്ങളുമാണ് താലിബാൻ ഭരണകൂടം കൈക്കൊള്ളുന്നത്. നാല് വർഷം മുമ്പ് താലിബാൻ അധികാരത്തിൽ വന്നതിനുശേഷം 12 വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കിയിരുന്നു.
മതപണ്ഡിതരും വിദഗ്ധരും ചേർന്ന് നടത്തിയ യോഗത്തിലായിരുന്നു തീരുമാനം. നിരോധിച്ച പുസ്തകങ്ങൾക്ക് പകരം ഇസ്ലാമിക പുസ്തകങ്ങൾ നൽകാനാണ് നീക്കം.
സ്ത്രീകൾക്ക് സ്വകാര്യ, പൊതു സർവകലാശാലകളിൽ പ്രവേശനം നിഷേധിക്കുന്ന താലിബാന്റെ നടപടിയെ സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നിവയുൾപ്പെടെ ഇസ്ലാമിക രാജ്യങ്ങൾ അപലപിച്ചിരുന്നു.















