ട്രെൻഡിനൊപ്പം സഞ്ചരിക്കുക എന്നതാണ് സോഷ്യൽമീഡിയയുടെയും സോഷ്യൽമീഡിയ ഉപയോക്താക്കളുടെയും സ്വഭാവം. അടുത്തിടെ സോഷ്യൽമീഡിയ കയ്യടക്കിയ ഒന്നാണ് ജെമിനി എന്ന ഫോട്ടോ എഡിറ്റിംഗ് ആപ്പ്. എഐ സാങ്കേതികവിദ്യയിലൂടെയാണ് ചിത്രങ്ങൾ തയാറാക്കുന്നത്. ആവശ്യപ്പെടുന്ന രീതിയിൽ അതിമനോഹരമായാണ് ചിത്രങ്ങൾ നമ്മുടെ കൈകളിൽ എത്തുന്നത്. ജെമിനിയുടെ അപകടവശങ്ങൾ വ്യക്തമാക്കുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഭാവിയിൽ സൈബറാക്രമണം ഉൾപ്പെടെയുള്ള അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇപ്പോഴിതാ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസും. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
“നിർമിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വ്യാപകമായി ഓൺലൈൻ ഇടങ്ങളിൽ നിറയുകയാണ്. സ്വന്തം ചിത്രങ്ങൾ മനോഹരമാക്കാൻ എ ഐക്ക് നൽകുന്നവർ അറിഞ്ഞിരിക്കണം. ഭാവിയിൽ ഇത് നിങ്ങളെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ 1930 എന്ന നമ്പറിലോ https://cybercrime.gov.in/ എന്ന റിപ്പോർട്ടിംഗ് പോർട്ടൽ വഴിയോ ഉടൻ ബന്ധപ്പെടുക. നിർമിത ബുദ്ധി ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുകയെന്നും” പൊലീസ് പങ്കുവച്ച കുറിപ്പിൽ പറയുന്നു.
എഐ ഉപയോഗിച്ച് ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിന് പിന്നിൽ അപകടം ഒളിച്ചിരിപ്പുണ്ടെന്ന് ഒരു ഇൻഫ്ലുവൻസർ ആരോപിച്ചിരുന്നു. ഇതിൽ ജാഗ്രത വേണമെന്നും തെളിവുകൾ സഹിതം യുവതി പങ്കുവച്ചിരുന്നു.















