വാഷിംങ്ടൺ: ഇന്ത്യയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നടപടിയെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ തർക്കം താത്ക്കാലികം മാത്രമാണെന്ന് വേൾഡ് ഇക്കോണമിക് ഫോറം സിഇഒ ബോർജ് ബ്രെൻഡെ. ഇന്ത്യ-യുഎസ് ബന്ധം ഉടൻ തന്നെ സാധാരണ നിലയിലേക്ക് വരുമെന്നും പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ബന്ധത്തെ ഏതാനും ദിവസങ്ങളിലുണ്ടായ സംഘർഷങ്ങൾ കാരണം ഇല്ലാതാക്കാൻ സാധിക്കില്ലെന്നും ബോർജ് ബ്രെൻഡെ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ഇന്ത്യയും യുഎസും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട സഹകരണമാണുള്ളത്. അടുത്തിടെ ചില തർക്കങ്ങൾ ഉണ്ടായെങ്കിലും ഇത് ഉടൻ മാറുമെന്ന് വിശ്വസിക്കുന്നു. ഏറ്റവും വലിയ അമേരിക്കൻ കമ്പനികൾ ഇന്ത്യക്കാരില്ലാതെ പ്രവർത്തിക്കില്ല. ഇന്ത്യൻ പൗരന്മാർ യുഎസ് സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സംഭാവനകൾ നൽകുന്നു. ലോകത്തിലെ മറ്റ് ഏതൊരു രാജ്യത്തേക്കാളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽ ജനപ്രിയനായിരുന്നു.
മഹത്തായ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനും കൂടുതൽ ശക്തമായി ബന്ധം പുനഃസ്ഥാപിക്കാനും സമയം വേണ്ടിവരാം. ഇന്ത്യ-യുഎസ് ബന്ധം വളർത്തിയെടുക്കാനും ശക്തമാക്കാനും ഇരുരാജ്യങ്ങൾക്കും താത്പര്യമുണ്ട്. ലോകത്തിലെ സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയാണെന്ന് അമേരിക്കക്കാർക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു.















