കൊച്ചി: ഭാര്യമാർക്ക് തുല്യനീതി നൽകാൻ പുരുഷന് കഴിയുമ്പോൾ മാത്രമേ ഇസ്ലാംഒന്നിലെറെ വിവാഹത്തിന് അനുവദിക്കുന്നുള്ളൂ എന്ന് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. ഇസ്ലാമിക നിയമത്തിന്റെ ആത്മാവ് ഏകഭാര്യത്വമാണെന്നും ബഹുഭാര്യത്വം നീതിയും കഴിവും അനുസരിച്ച് ഒരു അപവാദമാണെന്നും കോടതി വ്യക്തമാക്കി.
ഒന്നിലധികം ഭാര്യമാരെ നിലനിർത്താനുള്ള കഴിവുണ്ടെങ്കിൽ മാത്രമേ മുസ്ലീം വ്യക്തിനിയമം ബഹുഭാര്യത്വം അനുവദിക്കുന്നുള്ളൂ.സാമ്പത്തിക ശേഷിയില്ലായ്മ തുടർന്നുള്ള വിവാഹങ്ങളെ അസാധ്യമാക്കുന്നു. സമ്പത്തുണ്ടെങ്കിലും മുസ്‌ലിം സമൂഹത്തിലെ ഭൂരിഭാഗംപേർക്കും ഒരു ഭാര്യയേയുള്ളു എന്നും കോടതി നിരീക്ഷിച്ചു.
ഖുർആൻ വാക്യങ്ങൾ (അദ്ധ്യായം 4, വാക്യങ്ങൾ 3 ഉം 129 ഉം) കോടതി പരാമർശിച്ചു.
” ഈ സൂക്തങ്ങളുടെ ആത്മാവും ഉദ്ദേശ്യവും ഏകഭാര്യത്വമാണ്, ബഹുഭാര്യത്വം ഒരു അപവാദം മാത്രമാണ്. വിശുദ്ധ ഖുർആൻ ‘നീതി’യെ വളരെയധികം ഊന്നിപ്പറയുന്നു. ഒരു മുസ്ലീം പുരുഷന് തന്റെ ആദ്യ ഭാര്യ, രണ്ടാം ഭാര്യ, മൂന്നാം ഭാര്യ, നാലാമത്തെ ഭാര്യ എന്നിവർക്ക് നീതി നൽകാൻ കഴിയുമെങ്കിൽ മാത്രമേ , ഒന്നിലധികം തവണ വിവാഹം കഴിക്കാൻ അനുവാദമുള്ളൂ. ഒന്നിലധികം ഭാര്യമാരെ നിലനിർത്താൻ അവർക്ക് സമ്പത്തുണ്ടെങ്കിൽ പോലും, മുസ്ലീം സമൂഹത്തിലെ ഭൂരിഭാഗം ആളുകളും ഏകഭാര്യത്വത്തിന്റെ അനുയായികളാണ്. അതാണ് വിശുദ്ധ ഖുർആനിന്റെ യഥാർത്ഥ ആത്മാവും. ” കോടതി നിരീക്ഷിച്ചു.
” വിശുദ്ധ ഖുർആനിലെ വാക്യങ്ങൾ മറന്നുകൊണ്ട് ബഹുഭാര്യത്വം പിന്തുടരുന്ന മുസ്ലീം സമുദായത്തിലെ ചെറിയ ന്യൂനപക്ഷത്തെ മതനേതാക്കളും സമൂഹവും ബോധവൽക്കരിക്കേണ്ടതുണ്ട് ” എന്നും കോടതി കൂട്ടിച്ചേർത്തു.
പാലക്കാട് സ്വദേശിയായ അൻപതുകാരൻ ഭിക്ഷാടനത്തിലൂടെ ലഭിച്ചിരുന്ന പണം ഉപയോഗിച്ചാണ് ഭാര്യമാരെ പോറ്റിയിരുന്നത്. ആദ്യ ഭാര്യയുമായുള്ള ബന്ധം തുടരുമ്പോഴായിരുന്നു രണ്ടാം വിവാഹം. രണ്ടാം ഭാര്യയെ പിന്നീട് ഇയാൾ തലാഖ് ചൊല്ലി മൂന്നാമതും വിവാഹം കഴിക്കാൻ തീരുമാനിച്ചു. തുടർന്ന് രണ്ടാം ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു. ഭിക്ഷാടനത്തിലൂടെ മാസം ഇയാൾക്ക് 25,000 രൂപയോളം വരുമാനമുണ്ടെന്നും 10,000 രൂപ ജീവനാംശം അനുവദിക്കണമെന്നായിരുന്നു ആവശ്യം.
പള്ളിക്കു മുന്നിൽ ഭിക്ഷ യാചിച്ചും അയൽക്കാരുടെ ഇടയ്‌ക്കിടെയുള്ള സഹായവും കൊണ്ട് ജീവിക്കുന്ന അന്ധനായ ഭർത്താവിൽ നിന്ന് പ്രതിമാസം 10,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് ഹർജി നൽകിയ ഭാര്യയുടെ ഹർജി തള്ളിയ കുടുംബ കോടതി ഉത്തരവ് ശരിവച്ചത്തിലുള്ള പുനഃപരിശോധനാ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഈ നിരീക്ഷണങ്ങൾ നടത്തിയത്.
രണ്ടാം ഭാര്യക്ക് ജീവനാംശം നൽകാതെ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്ന അന്ധനും യാചകനുമായ വ്യക്തിക്ക് മതനേതാക്കളുടെയും സഹായത്തോടെ സർക്കാർ കൗൺസിലിങ് നൽകണമെന്നും ഉത്തരവിൽ കോടതി നിർദേശിച്ചു.
ഭര്‍ത്താവ് അന്ധനായ യാചകനാണെന്നതിനാൽ ഭാര്യക്ക് ജീവനാംശം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതിയും വ്യക്താക്കി.















