ലണ്ടൻ: യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കുന്നതായി ഞായറാഴ്ച സ്ഥിരീകരിച്ചു.അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്ത എതിർപ്പ് അവഗണിച്ചാണ് ഈ നീക്കം. യുഎൻ പൊതുസഭ ചേരുന്നതിന് മുന്നോടിയായാണ് തീരുമാനം.
ഇസ്രായേലിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ സ്വന്തം കക്ഷിയായ ലേബർ പാർട്ടിക്കുള്ളിൽ നിന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ കടുത്ത സമ്മർദ്ദം നേരിട്ടിരുന്നു. യുകെയുടെ നീക്കം “പലസ്തീനികൾക്കും ഇസ്രായേലികൾക്കും സമാധാന പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ” ഉദ്ദേശിച്ചുള്ളതാണെന്നും അതേസമയം ഇത് ഹമാസിനുള്ള അംഗീകാരമല്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബ്രിട്ടൻ സന്ദർശിച്ച് സംസാരിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് യുകെ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചത്.
ഈ മൂന്ന് രാജ്യങ്ങളുടെയും പ്രഖ്യാപനത്തെ ഇസ്രായേൽ അപലപിച്ചു. ഈ രാജ്യങ്ങൾ ഹമാസ് തീവ്രവാദ ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നതായും ഇസ്രായേൽ ആരോപിച്ചു.
140-ലധികം രാജ്യങ്ങൾ പലസ്തീനെ പ്രത്യേക രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ഇസ്രായേൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ പലസ്തീനെ അംഗീകരിക്കുന്നില്ല.
ബ്രിട്ടന്റെ പ്രഖ്യാപനത്തെ പാലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സമാധാനം കൈവരിക്കുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ് ഇതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
2023-ൽ ഹമാസ് തീവ്രവാദികൾ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറി നടത്തിയ ഭീകരാക്രമണത്തെത്തുടർന്ന് ഗാസ മുനമ്പിൽ പ്രവർത്തിക്കുന്ന ഹമാസ് തീവ്രവാദികൾക്കെതിരെ ഇസ്രായേൽ യുദ്ധം പ്രഖ്യാപിക്കുകയും 2 വർഷമായി തുടർച്ചയായ ആക്രമണങ്ങൾ നടത്തുകയും ചെയ്യുകയാണ്. ഈ യുദ്ധത്തിൽ 65,000-ത്തിലധികം ആളുകൾ മരിച്ചു.















