ന്യൂയോർക്ക്: ഇന്ത്യ- യുഎസ് വ്യാപാര കരാർ ചർച്ചകളിൽ നിർണ്ണായക പുരോഗതി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയുഷ് ഗോയലും അമേരിക്കയിൽ നടത്തിയ ചർച്ചകൾ ഫലപ്രദമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. യുഎൻ പൊതുസഭ യോഗത്തിന്റെ ഭാഗമായിട്ടായിരുന്നു നിർണായക കൂടിക്കാഴ്ചകൾ.
എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയുമായും പിയുഷ് ഗോയൽ യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറുമായും ചർച്ച നടത്തി. വ്യാപര കരാർ യാഥാർത്ഥ്യമാക്കുന്നതിൽ ഇരു രാജ്യങ്ങളും തത്വത്തിൽ ധാരണയായി എന്നാണ് വിവരം.
ഇരുരാജ്യങ്ങൾക്കിടയിൽ ആശങ്കയായി നിൽക്കുന്ന വിഷയങ്ങൾ ചർച്ചയായതായി കൂടിക്കാഴ്ചയ്‌ക്ക് ശേഷം എസ്. ജയശങ്കർ പറഞ്ഞു. വാഷിംഗ്ടണിന് ഇന്ത്യ എന്നും “നിർണ്ണായക” പങ്കാളിയാണെന്ന് റൂബിയോ ആവർത്തിച്ചു. ഇൻഡോ- പസഫിക് മേഖലയിലെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും അമേരിക്ക ഉറപ്പുനൽകി. എസ്. ജയശങ്കർ- റൂബിയോ കൂടിക്കാഴ്ചയുടെ വിവരങ്ങൾ ഇരുവരും എക്സിൽ പങ്കുവെച്ചു. ചർച്ചകൾ ഇനിയും തുടരും എന്നാണ് ഇരു രാജ്യങ്ങളും നൽകുന്ന സൂചന.















