ചെന്നൈ: തമിഴ്നാടിന് കപ്പൽ ശാലകൾ സ്ഥാപിക്കാനായി 30,000 കോടി രുപയുടെ നിക്ഷേപവുമായി കേന്ദ്രസർക്കാർ. ആദ്യഘട്ടത്തിൽ 10,000 തൊഴിലവസരങ്ങളാണ് നൽകുന്നത്. ഇതോടെ കപ്പൽ നിർമാണത്തിലും സമുദ്രമേഖലയിലെ നൂതന സാങ്കേതികവിദ്യയിലും തമിഴ്‌നാട് ഒരു ആഗോള കേന്ദ്രമായി ഉയരും.
കേരളം കപ്പൽ നിർമാണ കമ്പനികളുടെ സാധ്യതകൾ നഷ്ടപ്പെടുത്തുമ്പോഴാണ് തമിഴ്നാട് വികസനത്തിന്റെ പുത്തൻ വാതിലുകൾ തുറക്കുന്നത്. കൊച്ചിൻ ഷിപ്പ് യാഡും, മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സുമാണ് നിക്ഷേപം നടത്തുന്നത്. രണ്ട് ധാരണാപത്രം ഒപ്പിടുന്നതിലൂടെ 55,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
രണ്ട് ഘട്ടങ്ങളായാണ് ധാരണാപത്രത്തിൽ ഒപ്പിടുന്നത്. തമിഴ്നാട് കേന്ദ്രീകരിച്ചുവരുന്ന കപ്പൽ നിർമാണശാലകൾക്ക് വേണ്ടിയാണ് ഈ തുക നിക്ഷേപമായി നൽകുക. ഇതോടെ തമിഴ്നാട് ആഗോളതലത്തിൽ ഒരു ഹബ്ബായി മാറും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് എക്സിൽ പോസ്റ്റ് ചെയ്തത്.
കപ്പൽ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സമർപ്പിത കമ്പനിയെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതിന്റെയും തമിഴ്‌നാട് സമുദ്ര ഗതാഗത നിർമാണ നയത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.















