ന്യൂഡൽഹി: മലയാള സിനിമയ്‌ക്കുള്ള ആദരവാണ് ഈ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമെന്ന് മോഹൻലാൽ. തനിക്ക് ലഭിച്ച പുരസ്കാരം മലയാള സിനിമയ്‌ക്കും പ്രേക്ഷകർക്കും സമർപ്പിക്കുകയാണെന്നും കേന്ദ്രസർക്കാരിന് നന്ദിയുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്‌ട്രപതിയിൽ നിന്ന് സ്വീകരിച്ച ശേഷം വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ. സ്വപ്നം കാണാത്ത നിമിഷമാണിത്. ഈ പുരസ്കാരത്തിന് കൂടുതൽ ഉത്തരവാദിത്തം നൽകുന്നു. അതിയായ അഭിമാനത്തോടെയും നന്ദിയോടെയുമാണ് പുരസ്കാരം ഏറ്റുവാങ്ങി ഞാൻ നിൽക്കുന്നത്. ഈ നിമിഷം എന്റേതുമാത്രമല്ല, ഇത് മലയാള സിനിമയ്ക്ക് മുഴുവൻ അവകാശപ്പെട്ടതാണ്. സിനിമയുടെ പാരമ്പര്യത്തിനും സർഗാത്മകതയ്ക്കുമുള്ള ആദരവായാണ് കാണുന്നത്”.
മലയാള സിനിമയെ രൂപപ്പെടുത്തിയ എല്ലാവർക്കും വേണ്ടി ഈ പുരസ്കാരം ഏറ്റുവാങ്ങാനുള്ള നിയോഗമാണിതെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.















