വയനാട്: ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എൻ ഡി അപ്പച്ചൻ. കെപിസിസിയുടെ നിർദേശപ്രകാരമാണ് രാജിവച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനാണ് രാജി സമർപ്പിച്ചത്. വയനാട്ടിൽ കോൺഗ്രസ് നേതാക്കളുടെ തുടർച്ചയായുള്ള വാക്പോരുകൾക്കൊടുവിലാണ് എൻ ഡി അപ്പച്ചന്റെ രാജി.
നേരത്തെ തന്നെ വയനാട്ടിൽ ഇരുവിഭാഗങ്ങളായി ചേർന്ന് തർക്കങ്ങളും വാത്തുതർക്കങ്ങളും നിലനിൽക്കുന്നുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് സംസ്ഥാന കോൺഗ്രസ് നേതൃത്വം താക്കീത് നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്ന പരിഹാരമുണ്ടാക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചു.
രണ്ട് ഗ്രൂപ്പുകളായാണ് വയനാട്ടിലെ കോൺഗ്രസ് നേതാക്കൾ പ്രവർത്തിക്കുന്നത്. ഇതിനെതിരെ പ്രിയങ്ക ഗാന്ധിയുടെ മണ്ഡല സന്ദർശനത്തിനിടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഡിസിസി നേതാക്കളെ ശകാരിച്ചിരുന്നു. പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നും താക്കീത് നൽകി.















