തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി യോഗം 27-ന് കൊല്ലത്ത് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ് അറിയിച്ചു. രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ സംസ്ഥാന കമ്മിറ്റി യോഗമാണിത്. ഉച്ചയ്‌ക്ക് 2 മണിക്ക് സമ്മേളനം ആരംഭിക്കും.
“വികസിത കേരളം’ എന്ന വലിയ ലക്ഷ്യവുമായി പാര്‍ട്ടി മുന്നോട്ടുപോകും.തദ്ദേശ തിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ചുള്ള ‘മിഷന്‍ 2025’ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ യോഗം പുതിയ ദിശാബോധം നല്‍കും. യോഗത്തില്‍ അവതരിപ്പിക്കുന്ന പ്രമേയം, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ കഴിവുകെട്ട ഭരണത്തിന്റെ ഒരു നേര്‍ക്കാഴ്ചയായിരിക്കും. അതോടൊപ്പം തന്നെ, പരാജയപ്പെട്ട വി ഡി സതീശന്‍ നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിനെതിരായുള്ള ജനകീയ പ്രതിഷേധവും ആ പ്രമേയത്തില്‍ ഉണ്ടാകും”.
അധമ രാഷ്‌ട്രീയത്തിന്റെയും കഴിവുകെട്ട ഭരണത്തിന്റെയും പ്രതീകമായ ഇടതിനും വലതിനും എതിരായി, കേരളത്തിന്റെ പ്രതീക്ഷ ഭാരതീയ ജനതാ പാര്‍ട്ടിയാണ് എന്ന് ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കും യോഗം. ഇതിന്റെ മുന്നോടിയായി, പണ്ഡിറ്റ് ദീനദയാല്‍ജിയുടെ ജന്മദിനമായ ഇന്ന് മുതല്‍ ഒക്ടോബര്‍ 25 വരെ നീണ്ടുനില്‍ക്കുന്ന, കേരളത്തിലെ 50 ലക്ഷം വീടുകളില്‍ എത്തുന്ന ഒരു ബൃഹത്തായ പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഇടതു-വലതു മുന്നണികളുടെ അവസാനത്തിന് തുടക്കം കുറിക്കുമെന്നാണ് ഭാരതീയ ജനതാ പാര്‍ട്ടി പ്രതീക്ഷിക്കുന്നതെന്നും അഡ്വ എസ് സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.















