ന്യൂഡൽഹി: രാജ്യത്തിന്റെ വികസനത്തിന് ഭീകരത എന്നും ഭീഷണിയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരതയ്‌ക്കെതിരെ പോരാടുന്നവർ അന്താരാഷ്‌ട്ര സമൂഹത്തിന് തന്നെ വലിയ സേവനം നൽകുന്നുണ്ടെന്നും ലോകരാജ്യങ്ങളുടെ സമാധാനത്തിനും ഭീകരത വെല്ലുവിളിയാണെന്നും ജയശങ്കർ പറഞ്ഞു. ജി 20 യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീഷണിപ്പെടുത്തലിലൂടെ സമാധാനം കൊണ്ടുവരാൻ നമുക്ക് സാധിക്കില്ല. രാജ്യങ്ങൾക്കിടയിലുള്ള സംഘർഷങ്ങൾ പരിഹരിക്കാൻ കഴിയുന്നവരെ ഉപയോഗിച്ച് സമാധാനം കണ്ടെത്തണം. ഏത് സംഘർഷ സാഹചര്യത്തിലും ഇരുപക്ഷവുമായും ഇടപെടാൻ കഴിയുന്ന നേതാക്കന്മാർ ഉണ്ടാകും. അത്തരം രാജ്യങ്ങളെയും നേതാക്കളെയും ലോകരാജ്യങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവരാനും അത് നിലനിർത്തുന്നതിനും ഉപയോഗിക്കാൻ സാധിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ-യുക്രെയൻ രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായി സംസാരിച്ചു. സംഘർഷം സമാധാനപരമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് പറഞ്ഞതായും ജയശങ്കർ പറഞ്ഞു.
റഷ്യ- യുക്രെയിൻ സംഘർഷത്തിൽ ചില രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ കുറിച്ചും ജയശങ്കർ വിമർശിച്ചു. എന്നാൽ റഷ്യൻ എണ്ണ വാങ്ങിയതിന് പ്രതികാരമായി ഇന്ത്യയ്‌ക്കെതിരെ യുഎസ് തീരുവ വർദ്ധിപ്പിച്ചതിനെ കുറിച്ച് അദ്ദേഹം പരാമർശിച്ചില്ല.















