ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്തനും ശക്തിയുമായ മിഗ് 21 യുദ്ധവിമാനത്തിന് യാത്രയയപ്പ് നൽകി. ഇന്ന് നടന്ന അവസാന പറക്കലോടെ ഔദ്യോഗികമായി പടിയിറങ്ങുകയാണ് മിഗ് 21 യുദ്ധവിമാനം. ഛണ്ഡിഗഢ് വ്യോമസേനാ സ്റ്റേഷനിലാണ് അവസാന പറക്കൽ നടന്നത്. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന സൈനിക അഭ്യാസത്തോടെയായിരുന്നു ചടങ്ങ്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി, എയർ ചീഫ് മാർഷൽ എ പി സിംഗ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സൈനികാഭ്യാസം കണ്ട്, വ്യോമസേനയുടെ കരുത്തന് യാത്ര നൽകാൻ ധാരാളം പേർ ചടങ്ങിൽ സാക്ഷിയായിരുന്നു. മിഗിന്റെ 62 വർഷത്തെ വിശിഷ്ട സേവനത്തിനാണ് ഇന്ന് അന്ത്യംകുറിച്ചത്.1960 കളിൽ ഇന്ത്യൻ വ്യോമസേനയിൽ എത്തിയ ആദ്യത്തെ സൂപ്പർസോണിക് യുദ്ധവിമാനം കൂടിയാണ് മിഗ് 21.
1965, 1971-ലെ യുദ്ധങ്ങൾ മുതൽ 1999 ലെ കാർഗിൽ യുദ്ധത്തിൽ വരെയും 2019 ലെ ബാലകോട്ട് ആക്രമണത്തിലും സുപ്രധാന പങ്ക് വഹിച്ച യുദ്ധവിമാനമാണ് അവസാന പറക്കലോടെ ഇന്ന് പടിയിറങ്ങുന്നത്. ധീരതയുടെ എണ്ണമറ്റ കഥകളാണ് മിഗ് 21 യുദ്ധവിമാനത്തെ കുറിച്ച് വിവരിക്കാനുള്ളത്.
ചരിത്രപരമായ നിരവധി ഓർമകളാണ് മിഗ് 21 നെ കുറിച്ച് ഇന്ത്യൻ വ്യോമസേനയ്‌ക്കുള്ളത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് അതിഗംഭീരമായ പ്രകടനങ്ങളാണ് വ്യോമസേന നടത്തിയത്.















