കരുനാഗപ്പള്ളി: ഇന്ന് മാതാ അമൃതാനന്ദമയീ ദേവിയുടെ 72-ാം ജന്മദിനം. കൊല്ലം അമൃതപുരിയില്‍ നിരവധി ആത്മീയവും ജീവകാരുണ്യപരവുമായ പരിപാടികളോടെയാണ് അമ്മയുടെ ജന്മദിനം ആഘോഷിക്കുന്നത്. കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദ, എൽ.മുരുകൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. അമൃതപുരിയിലെത്തുന്ന എല്ലാവരെയും അമ്മ നേരിൽ കാണും.
പുലർച്ചെ 5ന് 108 ഗണപതി ഹോമങ്ങളോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ഗുരുപാദപൂജയ്‌ക്ക് ശേഷം 9 മണിയോടെ അമ്മ ജന്മദിന സന്ദേശം നൽകും. ശേഷം അമ്മയുടെ നേതൃത്വത്തിൽ സത്സംഗം നടക്കും. വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനവാസി ഗോത്രാംഗങ്ങൾ നയിക്കുന്ന ലോകശാന്തി പ്രാർത്ഥന, 7ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി നയിക്കുന്ന സത്സംഗം, പ്രസാദ വിതരണം എന്നിവയും നടക്കും.
ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ നൃത്താർച്ചന, സംഗീതാർച്ചന തുടങ്ങിയവയും അരങ്ങേറും. അമൃതാനന്ദമയി മഠത്തിന്റെ അമൃതകീർത്തി പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്യും.
അമ്മയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ശ്രമദാന പദ്ധതികള്‍ക്കുമാണ് ആശ്രമം ഇത്തവണ തുടക്കമിട്ടിരിക്കുന്നത്. നിര്‍ധനരായ യുവതീയുവാക്കളുടെ സമൂഹവിവാഹം, ആശ്രമത്തിലെ പുതിയ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം എന്നിവയും നടക്കും. ഫരീദാബാദിലുമുള്ള അമൃത ആശുപത്രികളിൽ നടത്തുന്ന സൗജന്യ ശസ്ത്രക്രിയകളുടെയും കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ പാവപ്പെട്ടവർക്ക് 6,000 ടോയ്‌ലെറ്റുകൾ നിർമ്മിച്ച് നൽകുന്നതിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.















